എസ് എൻ ട്രസ്റ്റ്: വെള്ളാപ്പള്ളി വീണ്ടും സെക്രട്ടറി, ​തുടർച്ചയായ ഒൻപതാം തവണ; എം എൻ സോമൻ ചെയർമാൻ ; തുഷാർ അസിസ്റ്റന്റ് സെക്രട്ടറി

മൂന്നുഘട്ടങ്ങളായി നടത്തിയ തെരഞ്ഞെടുപ്പിൽ ആകെയുള്ള 10 റീജിയണുകളിൽ എട്ടിടത്തും ഔദ്യോ​ഗിക പാനൽ എതിരില്ലാതെ വിജയിച്ചിരുന്നു
എസ് എൻ ട്രസ്റ്റ്: വെള്ളാപ്പള്ളി വീണ്ടും സെക്രട്ടറി, ​തുടർച്ചയായ ഒൻപതാം തവണ; എം എൻ സോമൻ ചെയർമാൻ ; തുഷാർ അസിസ്റ്റന്റ് സെക്രട്ടറി

ആലപ്പുഴ: എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ഒൻപതാം തവണയാണ് വെള്ളാപ്പള്ളി സെക്രട്ടറിയാകുന്നത്. ഡോ. എംഎൽ സോമനാണ് ചെയർമാൻ. തുഷാർ വെള്ളാപ്പള്ളി അസിസ്റ്റന്റ് സെക്രട്ടറിയായും, ഡോ. ജി ജയദേവൻ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. 

ചേർത്തല എസ്.എൻ കോളേജ് ഓഡി​റ്റോറിയത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഏകകണ്ഠമായിട്ടാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.   അജി എസ്.ആർ.എം,മോഹൻ ശങ്കർ, എൻ.രാജേന്ദ്രൻ, കെ.പത്മകുമാർ, എ.സോമരാജൻ, കെ.ആർ.ഗോപിനാഥ്, പി.എം.രവീന്ദ്രൻ,സന്തോഷ് അരയാക്കണ്ടി, മേലാങ്കോട് സുധാകരൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. 

മൂന്നുഘട്ടങ്ങളായി നടത്തിയ തെരഞ്ഞെടുപ്പിൽ ആകെയുള്ള 10 റീജിയണുകളിൽ എട്ടിടത്തും ഔദ്യോ​ഗിക പാനൽ എതിരില്ലാതെ വിജയിച്ചിരുന്നു. ചേർത്തല, കൊല്ലം എന്നിവിടങ്ങളിൽ മൽസരം ഉണ്ടായെങ്കിലും ഔദ്യോ​ഗിക പാനൽ തന്നെ വിജയിച്ചു. എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ തുടർച്ചയായ ഒമ്പതാം തവണയാണ് എസ് എൻ ട്രസ്റ്റ് സെക്രട്ടറിയാകുന്നത്. ട്രസ്റ്റ് ചരിത്രത്തിൽ മറ്റാർക്കും കൈവരിക്കാനാവാത്ത വിജയമാണിത്. 

1996 ഡിസംബറിലാണ് വെള്ളാപ്പള്ളി നടേശൻ ആദ്യമായി എസ്.എൻ ട്രസ്റ്റിന്റെ സെക്രട്ടറിയായത്. തുടർന്ന് മൂന്നു വർഷം കൂടുമ്പോൾ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരമില്ലാതെയാണ് സെക്രട്ടറി പദത്തിലെത്തിയത്. 1997 ൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായി. ഡോ.എം.എൻ.സോമൻ നാലാം തവണയാണ് ട്രസ്റ്റ് ചെയർമാനാകുന്നത്. എസ് എൻഡിപി യോഗം പ്രസിഡന്റുമാണ്. യോഗം വൈസ് പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളിയും നാലാം തവണയാണ് അസി.സെക്രട്ടറിയാവുന്നത്. ഡോ. ജി. ജയദേവൻ ഏഴാം തവണയാണ് ട്രഷറർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com