'സര്‍ക്കാര്‍ ശ്രീനാരായണീയരുടെ കണ്ണില്‍ കുത്തി, ന്യൂനപക്ഷങ്ങള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടന്നുകൊടുക്കുന്നു' ; രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിച്ച എത്രയോ പേര്‍ സര്‍ക്കാര്‍ സര്‍വീസിലും പുറത്തുമുണ്ട്
'സര്‍ക്കാര്‍ ശ്രീനാരായണീയരുടെ കണ്ണില്‍ കുത്തി, ന്യൂനപക്ഷങ്ങള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടന്നുകൊടുക്കുന്നു' ; രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ ശ്രീനാരായണീയരുടെ കണ്ണില്‍ കുത്തി. ഈഴവ സമുദായത്തെ വഞ്ചിച്ചു.ശ്രീനാരായണഗുരുവിന്റെ പേരില്‍ ആരംഭിച്ച ഓപ്പണ്‍ സര്‍വകലാശാലയുടെ തലപ്പത്ത് ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിച്ച ആളെ നിയമിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. 

ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിച്ച എത്രയോ പേര്‍ സര്‍ക്കാര്‍ സര്‍വീസിലും പുറത്തുമുണ്ട്.  ഇടതുപക്ഷ സഹയാത്രികരായും എത്രയോ പേരുണ്ട്. ഇവരെ ആരെയും പരിഗണിച്ചില്ല. പകരം മലബാറില്‍ പ്രവര്‍ത്തിക്കുകയും പ്രവാസി ജോലി ചെയ്യുകയും ചെയ്യുന്ന ഒരാളെ നിര്‍ബന്ധിച്ച് കൊണ്ടുവന്നു വി സി ആക്കുകയായിരുന്നു. വി സി നിയമനത്തില്‍ മന്ത്രി ജലീല്‍ വാശി പിടിച്ചു. ഇത് എന്തിനെന്ന് മനസ്സിലാകുന്നില്ല. 

ന്യൂനപക്ഷങ്ങളും സംഘടിത മതശക്തികളും സവര്‍ണ ശക്തികളും എഴുതിക്കൊടുക്കുന്നത് അനുസരിച്ച് അധികാരങ്ങള്‍ അവരുടെ കാല്‍ക്കല്‍ വെച്ചുകൊടുക്കുകയാണ്. ഇരിക്കാന്‍ പറയുമ്പോള്‍ കിടന്നുകൊടുക്കുകയാണ്. എന്ത് അനീതിയാണ്. ഇത് ജനാധിപത്യമാണോ, ഇത് പണാധിപത്യമല്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ഈ നിയമനം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയിൽ നിന്നും ആട്ടിയകറ്റുന്ന പതിവ് ഈ സർക്കാർ ആവർത്തിച്ചു. നവോത്ഥാനം മുദ്രാവാക്യമാക്കിയ ഇടതുപക്ഷം ഭരിക്കുമ്പോൾ ഇങ്ങനെയൊരു കാര്യം സംഭവിക്കാൻ പാടില്ലായിരുന്നു.  ശ്രീനാരായണ ഗുരു സര്‍വകലാശാല ഉദ്ഘാടനം സര്‍ക്കാര്‍ രാഷ്ട്രീയ മാമാങ്കമാക്കി മാറ്റി. ചടങ്ങിലേക്ക് എസ്എന്‍ഡിപി യോഗത്തിന്റെ ഒരു ഭാരവാഹിയെപ്പോലും ക്ഷണിച്ചില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഫറൂഖ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ മുബാറക് പാഷയെയയാണ് സര്‍ക്കാര്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിയായി നിയമിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com