അക്രമകാരികളെ അമിത ബലപ്രയോഗം ഇല്ലാതെ നേരിടണം; ട്രെയിനി എസ്‌ഐമാര്‍ക്ക് ഓണ്‍ലൈന്‍ പരിശിലീനം 

അക്രമകാരികളെ നേരിടാന്‍ പൊലീസിലെ ട്രെയിനി എസ്‌ഐമാര്‍ക്ക് പ്രത്യേക പരിശീലനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: അക്രമകാരികളെ നേരിടാന്‍ പൊലീസിലെ ട്രെയിനി എസ്‌ഐമാര്‍ക്ക് പ്രത്യേക പരിശീലനം. അക്രമകാരികളെ അമിത ബലപ്രയോഗം ഇല്ലാതെ നേരിടാനാണ് പരിശീലനം നല്‍കുന്നത്. ട്രെയിനി എസ്‌ഐമാരോട് തിങ്കളാഴ്ച ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കി. കൊല്ലത്ത് വൃദ്ധനെ ട്രെയിനി എസ്‌ഐ മര്‍ദിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. 

വാഹനപരിശോധനയ്ക്കിടെ ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തതിനാണ് വൃദ്ധനെ പ്രൊബേഷന്‍ സെ്‌ഐ നജീം മുഖത്തടിച്ചത്. കഴിഞ്ഞ ഏഴിന് ആയൂരില്‍ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. ജോലിക്കായി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു രാമാനന്ദന്‍. എന്നാല്‍ രണ്ട് പേരും ഹെല്‍മെറ്റ് വെക്കാത്തതിനെ തുടര്‍ന്ന് പൊലീസ് വാഹനം പിടികൂടി.

ഹെല്‍മെറ്റും ലൈസന്‍സും ഇല്ലാത്തതിനാല്‍ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പണമില്ലാത്തതിനാല്‍ പിഴ ഉടന്‍ അടയ്ക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറഞ്ഞതോടെ സ്റ്റേഷനില്‍ വരണമെന്നായി പൊലീസ്.

കൂടെയുള്ള ആളെ പൊലീസ് ജീപ്പില്‍ കയറ്റിയ ശേഷം വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച രാമാനന്ദനെ എസ്‌ഐ മുഖത്തടിക്കുകയായിരുന്നു. ഇതോടെ താന്‍ രോഗിയാണെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പറഞ്ഞ് രാമാനന്ദന്‍ ബഹളം ഉണ്ടാക്കിയതോടെ ഇയാളെ വാഹനത്തില്‍ നിന്നിറക്കി, ഒപ്പമുണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷിലേക്ക് കൊണ്ടുപോകുകയായിരുന്നു.

എന്നാല്‍ എസ്‌ഐയെ ആക്രമിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് രാമാനന്ദനെ മര്‍ദ്ദിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഹൃദ്രോഗിയായ രാമാനന്ദന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവം വിവാദമായതോടെ, എസ്‌ഐയെ സ്ഥലം മാറ്റിയിരുന്നു. കഠിന പരിശീലനത്തിനായി കെ എപി അഞ്ച് ബറ്റാലിയനിലേക്കാണ് എസ്‌ഐയെ സ്ഥലം മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com