ഓൺലൈനിൽ ബുക്ക് ചെയ്യുന്ന 30 വാഹനങ്ങൾക്ക് പ്രവേശനം ; ഗവിയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു

ബുക്ക് ചെയ്യുന്നവർ ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിൽ നിന്ന് പാസ് എടുത്താണ് യാത്ര തുടങ്ങേണ്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ട : വിനോദസഞ്ചാരകേന്ദ്രമായ ഗവി വീണ്ടും സജീവമാകുന്നു. ഇവിടേക്ക് സഞ്ചാരികളുടെ തിരക്ക് വർധിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ്  സഞ്ചാരികൾക്കു വീണ്ടും പ്രവേശനം അനുവദിച്ചത്. ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്ന 30 വാഹനങ്ങൾക്കാണ് പ്രവേശനം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ചെക്ക് പോസ്റ്റുകളിൽ അണുവിമുക്ത പ്രവർത്തനങ്ങളും  പരിശോധനകളും  ശക്തമാക്കിയിട്ടുണ്ട്. 

ബുക്ക് ചെയ്യുന്നവർ ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിൽ നിന്ന് പാസ് എടുത്താണ് യാത്ര തുടങ്ങേണ്ടത്. ഇവിടെ എത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും ഇവരുടെ  വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിനും പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തുടർന്ന് കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിൽ പാസുകൾ രേഖപ്പെടുത്തിയ ശേഷമാണ് യാത്ര അനുവദിക്കുക. പൂർണമായും വനത്തിലൂടെയാണ്  യാത്ര. 

ഗവിയിലേക്കു പ്രവേശനം ലഭിക്കുന്ന സഞ്ചാരികൾ മൂഴിയാർ, കക്കി, ആനത്തോട്, പച്ചക്കാനം,വള്ളക്കടവ് പ്രദേശത്ത് പൊലീസ്–ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളിലും പരിശോധനയ്ക്കു വിധേയരാകണം. പാസ് എടുക്കാൻ റേഞ്ച് ഓഫിസിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ശുചിമുറി സമുച്ചയം തുറന്നിട്ടുണ്ട്.

അമ്മയ്ക്കും കുഞ്ഞിനും വിശ്രമിക്കുന്നതിനടക്കമുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിനു സമീപവും, മൂഴിയാർ 40 ഏക്കർ, കൊച്ചുപമ്പ കെഎസ്ഇബി കന്റിനുകളിലും മുൻ കൂട്ടി ബുക്ക് ചെയ്യുന്നവർക്കു ഭക്ഷണം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com