പ്രകൃതി ദുരന്തത്തെപ്പോലും കമ്മീഷനടിക്കാനുള്ള വഴിയാക്കി; അഴിമതിപ്പണം ഡോളറാക്കിയത് ഗൗരവതരം: കെ സുരേന്ദ്രന്‍

അഴിമതി പണം യുഎസ് ഡോളറാക്കി ക്രയവിക്രയം നടത്തിയത് ഗൗരവമായ കാര്യമാണെന്നും കേസിലെ പ്രധാനപ്പെട്ട വഴിത്തിരിവായി ഈ വിഷയം മാറുമെന്നും സുരേന്ദ്രന്‍
പ്രകൃതി ദുരന്തത്തെപ്പോലും കമ്മീഷനടിക്കാനുള്ള വഴിയാക്കി; അഴിമതിപ്പണം ഡോളറാക്കിയത് ഗൗരവതരം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ സ്വപ്‌ന സുരേഷിന് കിട്ടിയ കമ്മീഷന്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിവശങ്കറിന്റെ നിര്‍ദേശമാണ് നടപ്പാക്കിയതെന്ന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെ മൊഴിയില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അഴിമതി പണം യുഎസ് ഡോളറാക്കി ക്രയവിക്രയം നടത്തിയത് ഗൗരവമായ കാര്യമാണെന്നും കേസിലെ പ്രധാനപ്പെട്ട വഴിത്തിരിവായി ഈ വിഷയം മാറുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതെല്ലാം നടന്നിരിക്കുന്നത് യുഎഇ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ്. അവിടെയാണ് മുഖ്യമന്ത്രിയുടെ പങ്കാളിത്തം തെളിഞ്ഞുവരുന്നത്. 

യുഎഇ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും കോണ്‍ടാക്ട് പോയിന്റ് ശിവശങ്കര്‍ ആയിരിക്കുമെന്ന് സ്വപ്നയെ ഉപദേശിച്ചയാള്‍ മറ്റാരുമല്ല മുഖ്യമന്ത്രിയാണ്. അതിന് ശേഷമാണ് കള്ളപ്പണം യുഎസ് ഡോളറാക്കി മാറ്റിയത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയിലും നിരവധിതവണ സ്വപ്‌ന സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

എങ്ങനെയാണ് സ്വപ്‌നയ്ക്ക് പ്രളയത്തില്‍ വീടുകള്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍ അതില്‍ ലാഭം കൊയ്യാന്‍ സാധിക്കുന്നത്? എങ്ങനെയാണ് പാവപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കാന്‍ വേണ്ടി യുഎഇ റെഡ് ക്രസന്റ് നല്‍കിയ തുകയില്‍ നിന്ന് ഭീമമായ തുക സ്വപ്‌നയ്ക്കും സംഘത്തിനും കമ്മീഷനടിക്കാന്‍ പറ്റുന്നത് എന്നും അദ്ദേഹം ചോദിച്ചു. നമ്മുടെ നാട്ടില്‍ നടന്ന പ്രകൃതി ദുരന്തത്തെപ്പോലും കമ്മീഷനടിക്കാനുള്ള ഉപാധിയാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com