സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; സാഹചര്യം അനുകൂലമാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹചര്യം അനുകൂലമാകുമ്പോള്‍ ഏറ്റവും അടുത്ത സമയത്ത് സ്‌കൂളുകള്‍ തുറക്കും. അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

രാജ്യത്താകെ പൊതുമേഖലകളില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറുന്ന സാഹചര്യമാണുള്ളത്. അപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടുകൊണ്ട് വിദ്യാഭ്യാസ മേഖലയെ എങ്ങനെ ഒരു സവിശേഷമായ ജനകീയ മേഖലയാക്കി മാറ്റാം എന്ന മാതൃക കേരളം കാണിച്ചിരിക്കുന്നത്. ഇത് ലോകത്തിന് മുന്നില്‍ കേരളം അവതരിപ്പിച്ച മാതൃകയാണ്. നമ്മുടെ കുഞ്ഞുങ്ങളെ കരുതിയുള്ള ഇടപെടലാണ്. നാടിന്റെ ഭാവിയെ സുരക്ഷിതമാക്കുന്നതിനുള്ള ഇടപെടലാണ്, ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദലുമാണ്- അദ്ദേഹം പറഞ്ഞു. 

പ്രഖ്യാപനത്തോടെ, മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്മാര്‍ട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാംഘട്ടത്തില്‍ സജ്ജമാക്കി. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബും തയ്യാറാക്കി. കൈറ്റിന്റെ നേതൃത്വത്തില്‍ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

കിഫ്ബി ധനസഹായത്തിന് പുറമേ, ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍, എയിഡഡ് മേഖലകളിലെ 12,678 സ്‌കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി. ഉപകരണങ്ങള്‍ക്ക് അഞ്ചുവര്‍ഷ വാറന്റിയും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. പരാതി പരിഹാരത്തിനായി വെബ് പോര്‍ട്ടലും കോള്‍ സെന്ററും സ്ഥാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com