ഇടക്കാല ഉത്തരവ് നുണപ്രചാരകര്‍ക്ക് ഏറ്റ തിരിച്ചടി; സിബിഐ നടപടിക്ക് പിന്നില്‍ രാഷ്ടീയം മാത്രമെന്ന് സിപിഎം

 കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്ന ഇത്തരം രീതിയ്ക്കെതിരെ ശക്തമായ ജനവികാരം ഉയരണം 
ഇടക്കാല ഉത്തരവ് നുണപ്രചാരകര്‍ക്ക് ഏറ്റ തിരിച്ചടി; സിബിഐ നടപടിക്ക് പിന്നില്‍ രാഷ്ടീയം മാത്രമെന്ന് സിപിഎം

തിരുവനനന്തപുരം: രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കലാണ്  ലൈഫ് മിഷനെതിരെ കേസെടുത്ത സിബിഐ നടപടിയെന്ന പാര്‍ടി നിലപാട് സാധൂകരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് സിപിഎം. ലൈഫ്മിഷന്‍ വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് ആധികാരികമായി ഹൈക്കോടതി വിധി വ്യക്തമാക്കി. വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും നിയമപ്രകാരം വിലക്കപ്പെട്ട വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പട്ടികയില്‍ ഉള്‍പ്പെടുന്നതല്ല ലൈഫ് മിഷന്‍ എന്നതും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് എഫ്സിആര്‍എ നിയമ പ്രകാരം ലൈഫ്മിഷനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നുണ പ്രചാരവേലക്കാര്‍ക്ക് ഏറ്റ തിരിച്ചടി കൂടിയാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

നിയമ പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ കഴിയാതെ സിബിഐ കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഈ നടപടിക്ക് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് വ്യക്തമാക്കുന്നു. യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ട മുന്നൂറോളം കോടി രൂപയുടെ ടൈറ്റാനിയം അഴിമതി കേസ്സില്‍ ഉള്‍പ്പെടെ അന്വേഷണം ആരംഭിക്കാത്ത സിബിഐ ആണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കോണ്‍ഗ്രസ് എംഎല്‍എ യുടെ പരാതി കിട്ടിയ ഉടന്‍ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്ന ഇത്തരം രീതിയ്ക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ടെന്നും സിപിഎം സംസ്ഥാന  സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com