ടെലിഫിലിമിന് സഹായ വാഗ്ദാനം, യുവാവിനെ മര്‍ദ്ദിച്ച് തിരക്കഥ തട്ടി, വീട്ടുകാരെ കബളിപ്പിച്ച് പണം കൈക്കലാക്കി ; നാലംഗ സംഘം പിടിയില്‍

തനിക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നും ഫിലിം നിര്‍മ്മിക്കാന്‍ സഹായിക്കാമെന്നും വിഷ്ണു ഉറപ്പ് നല്‍കി
ടെലിഫിലിമിന് സഹായ വാഗ്ദാനം, യുവാവിനെ മര്‍ദ്ദിച്ച് തിരക്കഥ തട്ടി, വീട്ടുകാരെ കബളിപ്പിച്ച് പണം കൈക്കലാക്കി ; നാലംഗ സംഘം പിടിയില്‍


കൊച്ചി : യുവാവിനെ ആക്രമിച്ച് ടെലിഫിലിമിന്റെ തിരക്കഥ തട്ടിയെടുത്ത സംഘം പിടിയില്‍ നാലംഗ സംഘത്തെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പായിപ്ര പുന്നോപ്പടി കിഴക്കേകുടി ഹരീഷിനെയാണ് സംഘം ആക്രമിച്ച് തിരക്കഥ തട്ടിയെടുത്തത്. 

പെരുമറ്റം ചേലക്കരക്കുന്നേല്‍ നിബിന്‍ (31), കാവുങ്കര മാര്‍ക്കറ്റ് ഭാഗത്ത് കുട്ടത്തുകുടി ഷിനാജ് ( 36) പെരുമറ്റം കല്ലുംമൂട്ടില്‍ മാഹിന്‍ (30), പുന്നോപ്പടി നിലക്കനായില്‍ വിഷ്ണു ( 30) എന്നിവരാണ് അറസ്റ്റിലായത്. ഹരീഷിന്റെ കൈവശം ഉണ്ടായിരുന്ന തിരക്കഥ ടെലിഫിലിം ആക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപം വിളിച്ചു വരുത്തി ആക്രമിച്ചു എന്നാണ് പരാതി. 

ടെലിഫിലിം രംഗത്ത് കമ്പമുള്ള ഹരീഷ്, മാസങ്ങള്‍ നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവില്‍ തയ്യാറാക്കിയ തിരക്കഥയാണ് സംഘം തട്ടിയെടുത്തത്. തിരക്കഥയുമായി സിനിമ ലൊക്കേഷനുകളിലും മറ്റും സഹായിയായി പ്രവര്‍ത്തിച്ചുവരുന്ന അയല്‍വാസിയും സുഹൃത്തുമായ വിഷ്ണുവിനെ ഹരീഷ് സമീപിച്ചിരുന്നു. തനിക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നും ഫിലിം നിര്‍മ്മിക്കാന്‍ സഹായിക്കാമെന്നും വിഷ്ണു ഉറപ്പ് നല്‍കി. 

തുടര്‍ന്ന് 9-ാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരക്കഥയുമായി ചാലിക്കടവ് പാലത്തിന് സമീപം എത്താന്‍ ആവശ്യപ്പെട്ടു. സിനിമാപ്രവര്‍ത്തകരായ സുഹൃത്തുക്കളായ മൂന്നുപേര്‍ക്ക് വായിക്കാന്‍ നല്‍കണമെന്നും, അതിനുശേ,ം എറണാകുളത്തുള്ള സിനിമാപ്രവര്‍ത്തകരെ കാണാന്‍ സൗകര്യം ഒരുക്കി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. 

തിരക്കഥയുമായി എത്തിയ ഹരീഷിനെ പല കാരണങ്ങള്‍ പറഞ്ഞ് വൈകീട്ട് ആറുവരെ പിടിച്ചുനിര്‍ത്തുകയും, ഇരുട്ടായതോടെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി തിരക്കഥ കവരുകയുമായിരുന്നു. കൂടാതെ ഹരീഷിനെ പൊലീസ് പിടിച്ചെന്നും പിഴ അടയ്ക്കാന്‍ 5000 രൂപ വേണമെന്നും വീട്ടില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. 

ഭയന്നുപോയ കുടുംബം ഉടന്‍ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. ഈ തുക എടിഎം ഉപയോഗിച്ച് എടുത്തശേഷം, വീണ്ടും ഹരീഷിനെ മര്‍ദ്ദിക്കുകയും ഓട്ടോക്കൂലി മാത്രം നല്‍കി തിരികെ വിടുകയുമായിരുന്നു. പരിക്കേറ്റ ഹരീഷ് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയും , പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com