'ത്രാസ് ചാര്‍ജ് ചെയ്തു വെക്കണം', 'വലിയ പണികള്‍'ക്ക് ഇറങ്ങും മുമ്പ് ഭാര്യയ്ക്ക് നിര്‍ദേശം ; ഓപ്പറേഷന്‍ 'ഹോളിഡേ ഹണ്ടേഴ്‌സി'ല്‍ കുടുങ്ങി 

കവര്‍ച്ചയില്‍ നേരിട്ടു പങ്കെടുത്തത് രണ്ടു പേരാണെന്നും , മൂന്നു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നും പൊലീസ്
'ത്രാസ് ചാര്‍ജ് ചെയ്തു വെക്കണം', 'വലിയ പണികള്‍'ക്ക് ഇറങ്ങും മുമ്പ് ഭാര്യയ്ക്ക് നിര്‍ദേശം ; ഓപ്പറേഷന്‍ 'ഹോളിഡേ ഹണ്ടേഴ്‌സി'ല്‍ കുടുങ്ങി 

ആലപ്പുഴ : കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ചയില്‍ രണ്ടു പേര്‍ പിടിയിലായി. മുഖ്യപ്രതിയോടൊപ്പം കവര്‍ച്ചയില്‍ പങ്കെടുത്ത ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളില്‍ ഷൈബു (അപ്പുണ്ണി 39), പ്രതികള്‍ എത്തിയ വാഹനം മോഷ്ടിക്കാനും ഗ്യാസ് കട്ടര്‍ വാങ്ങാനും സഹായിച്ച തിരുവനന്തപുരം വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (43) എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയായ തിരുവനന്തപുരം സ്വദേശി സംസ്ഥാനത്തിനു പുറത്ത് ഒളിവിലാണ്. 

കവര്‍ച്ചയില്‍ നേരിട്ടു പങ്കെടുത്തത് രണ്ടു പേരാണെന്നും , മൂന്നു ദിവസം കൊണ്ടാണ് ഇവര്‍ കവര്‍ച്ച പൂര്‍ത്തിയാക്കിയതെന്നും പൊലീസ് പറഞ്ഞു.  പിടിയിലായവരില്‍നിന്ന് 1.5 കിലോഗ്രാമോളം സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. മുഖ്യപ്രതിയും കൊലപാതക, അബ്കാരി കേസുകളില്‍ പിടിയിലായ ഷൈബുവും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് പരിചയപ്പെട്ടത്. ജയില്‍വാസം കഴിഞ്ഞു വന്‍ മോഷണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നു. ചെറിയ മോഷണങ്ങള്‍ നടത്തിയിട്ടു കാര്യമില്ലെന്നും 'വലിയ പണികള്‍' നടത്തണമെന്നുമായിരുന്നു ആലോചന.

ഓണം അവധി നാളുകളായ ഓഗസ്റ്റ് 29, 30 31 തീയതികളിലായി രാത്രി ബാങ്കിലെത്തിയാണ് മുഖ്യപ്രതിയും ഷൈബുവും ചേര്‍ന്നു മോഷണം നടത്തിയത്. ഷിബു ഇതില്‍ പങ്കെടുത്തില്ല. ഓഗസ്റ്റ് 29നു 'സന്നാഹങ്ങളു'മായി ബാങ്കിനു സമീപമെത്തി. അന്നു മുതല്‍ 3 ദിവസം രാത്രികളിലായി മോഷണം പൂര്‍ത്തിയാക്കി. മോഷ്ടിച്ച വാഹനം അതേ സ്ഥലത്തിനടുത്ത് ഉപേക്ഷിച്ചു.കവര്‍ച്ചയ്ക്കു ശേഷം ഷൈബു ഇപ്പോള്‍ താമസിക്കുന്ന പള്ളിപ്പാട് വെട്ടുവേനിയിലെ വീട്ടിലെത്തി സ്വര്‍ണം തൂക്കി നോക്കി വീതിച്ചു.  154 പവനായിരുന്നു ഷൈബുവിന്റെ ഓഹരി. 

മോഷ്ടിച്ച സ്വര്‍ണം ഷൈബുവിന്റെ വീട്ടില്‍ കൊണ്ടുപോയി മത്സ്യം തൂക്കുന്ന ഡിജിറ്റല്‍ ത്രാസിലാണ് തൂക്കം നോക്കിയത് . മത്സ്യക്കച്ചവടം നടത്തിയിരുന്ന ഷൈബു വീട്ടില്‍ ത്രാസ് സൂക്ഷിച്ചിരുന്നു. രാത്രി കവര്‍ച്ചയ്ക്കായി പോയപ്പോള്‍, ത്രാസ് ചാര്‍ജ് ചെയ്തു വയ്ക്കണമെന്നു ഭാര്യയോട് നിര്‍ദേശിച്ചതായി പൊലീസ് പറഞ്ഞു. ഷൈബുവിന്റെ കണ്ണമംഗലത്തെ വീട്ടില്‍ താമസിച്ചാണു മുഖ്യപ്രതി 'ഓപ്പറേഷന്‍' പൂര്‍ത്തിയാക്കിയത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കവര്‍ച്ചയ്ക്കു തുമ്പുണ്ടാക്കാന്‍ ഓപ്പറേഷന്‍ ഹോളിഡേ ഹണ്ടേഴ്‌സ് എന്ന പേരിലുള്ള അന്വേഷണ സംഘം ഏറെ അധ്വാനിച്ചെന്നു ജില്ലാ പൊലീസ് മേധാവി പി എസ് സാബു പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com