മദ്യത്തിന് അടിമയായ അമ്മ തെറിവിളിച്ചു; തല ഭിത്തിയിലിടിപ്പിച്ച് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി; മക്കള്‍ അറസ്റ്റില്‍

നെടുങ്കണ്ടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വയോധികയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


നെടുങ്കണ്ടം: നെടുങ്കണ്ടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വയോധികയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി. ഇവരുടെ മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 17നാണ് അണക്കരമെട്ട് ചെരുവിള പുത്തന്‍വീട്ടില്‍ ചന്ദ്രികയെ(75) മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കളായ അനില്‍കുമാര്‍(49), അജിത (40) എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തത്.

മദ്യലഹരിയില്‍ തെറിവിളിച്ച ചന്ദ്രികയെ അനില്‍കുമാര്‍ പിടിച്ചുതള്ളുകയും, തല പിടിച്ച് ഭിത്തിയിലിടിപ്പിച്ചശേഷം മുറ്റത്തേക്ക് എറിയുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ചലനമറ്റ ചന്ദ്രികയെ എടുത്ത് കട്ടിലില്‍ കിടത്തി. കൊലപാതകം മറച്ചുവെച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് അജിതയെ അറസ്റ്റ് ചെയ്തത്.

ചന്ദ്രികയും മക്കളും മകളുടെ മകനും ഭാര്യയും അണക്കരമെട്ടിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മദ്യത്തിനടിമയായിരുന്ന ചന്ദ്രികയെ വീടിന്റെ തിണ്ണയിലെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യപാനംമൂലമുള്ള അസുഖംകൊണ്ടാണ് ചന്ദ്രിക മരിച്ചതെന്നാണ് മക്കള്‍ നാട്ടുകാരെ അറിയിച്ചത്.

ശവസംസ്‌കാരം നടത്താന്‍ മക്കള്‍ കാട്ടിയ തിടുക്കം സംശയത്തിനിടയാക്കി. ഇതോടെ, നാട്ടുകാര്‍ നെടുങ്കണ്ടം പൊലീസില്‍ വിവരമറിയിച്ചു.
കോവിഡ് സാഹചര്യംമൂലം അഞ്ചുമാസം വൈകിയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായതെന്ന് പൊലീസ് പറഞ്ഞു. റിപ്പോര്‍ട്ടില്‍, വയോധികയുടെ തലയില്‍ വലതുചെവിയുടെ മുകളിലായി കോണ്‍ക്രീറ്റ് പ്രതലത്തില്‍ ഇടിച്ചുണ്ടായ ചതവാണ് മരണകാരണമെന്ന് ഉണ്ടായിരുന്നു.

ഇതോടെ, അന്വേഷിക്കാന്‍ കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്മോഹന്‍ നെടുങ്കണ്ടം എസ്‌ഐ കെ ദിലീപ്കുമാറിനെ ചുമതലപ്പെടുത്തി. വയോധികയുടെ അകന്ന ബന്ധു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മകനെ ചോദ്യംചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.

പ്രതികളുമായി പൊലീസ് അണക്കരമെട്ടിലെ വീട്ടില്‍ തെളിവെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തൃശ്ശൂര്‍, മുട്ടം എന്നിവിടങ്ങളിലെ കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലേക്ക് റിമാന്‍ഡുചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com