'മുസ്‌ലിം പേരിനോട് ഓക്കാനമോ';വെള്ളാപ്പള്ളിയുടേത് ന്യൂനപക്ഷ വിരുദ്ധത; വി സി വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലാ വിസി നിയമത്തിന് എതിരെ രംഗത്തുവന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രിക
'മുസ്‌ലിം പേരിനോട് ഓക്കാനമോ';വെള്ളാപ്പള്ളിയുടേത് ന്യൂനപക്ഷ വിരുദ്ധത; വി സി വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലാ വിസി നിയമത്തിന് എതിരെ രംഗത്തുവന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രിക. 'ശ്രീനാരായണ ആദര്‍ശങ്ങളെക്കുറിച്ച് സാമാന്യജ്ഞാനമുള്ളവരെല്ലാം തന്നെ ഇത് കേട്ട് മൂക്കത്ത് വിരല്‍ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നും 'ജാതി ചോദിക്കരുത്, പറയരുത്' എന്നും മനുഷ്യരായ സര്‍വരോടും കല്‍പിക്കുകയും ഉപദേശിക്കുകയും ചെയ്ത കേരളത്തിന്റെയും മലയാളിയുടെയും അഭിമാനപുരുഷനായ നാരായണഗുരുവിന്റെ പേരുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ സാരഥി ഇത്തരമൊരു ആക്ഷേപം ചൊരിഞ്ഞതെന്നതിനെ തികഞ്ഞ ഗുരുനിഷേധമെന്നേ വിശേഷിപ്പിക്കേണ്ടതുള്ളൂ' - ചന്ദ്രിക മുഖപ്രസംഗത്തില്‍ പറയുന്നു. 

ഗുരുവിന്റെ ആശയങ്ങളെ സ്വന്തം താത്പര്യത്തിന് വക്രീകരിച്ച ആളാണ് വെള്ളാപ്പള്ളിയെന്ന് വിമര്‍ശിക്കുന്ന ചന്ദ്രിക, ഇവ പലതും സ്വന്തം സ്വാര്‍ത്ഥ രാഷ്ട്രീയ സാമ്പത്തികമോഹത്തിന് ഉപയോഗിച്ചെന്നും പറയുന്നു. അവജ്ഞയോടെ തള്ളിക്കളയാവുന്ന വാക്കുകളാണ് വെള്ളാപ്പള്ളിയുടേതെന്നും 'മുസ്‌ലിം പേരിനോട് ഓക്കാനമോ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. 

സാധാരണയായി ഒരുമഹാന്റെ നാമത്തില്‍ വിദ്യാഭ്യാസസ്ഥാപനമോ മറ്റോ സ്ഥാപിക്കുന്നത് പ്രസ്തുത വ്യക്തിയുടെ മഹത്വം വരുംതലമുറയിലേക്കുകൂടി സന്നിവേശിപ്പിക്കുന്നതിനുവേണ്ടിയാണ്. അതായിരിക്കണം ശ്രീനാരായണഗുരുവിന്റെ നാമത്തില്‍ ഒരുസര്‍വകലാശാല തുടങ്ങാന്‍ സാഹചര്യമൊരുങ്ങിയത്. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടിയുള്ള സര്‍വകലാശാലയായിട്ടല്ല സംസ്ഥാന സര്‍ക്കാര്‍ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ളത്.-ലേഖനത്തില്‍ പറയുന്നു. 

വെള്ളാപ്പള്ളിയുടെ വിമര്‍ശനം ബിജെപിയാദി സംഘ്പരിവാരത്തിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്്ലിം പ്രൊഫസര്‍ പഠിപ്പിക്കരുതെന്ന് വാദിച്ചവരുടെ വിഷഭാഷയാണിതിലും എന്ന് ചന്ദ്രിക പറയുന്നു. 

കോഴിക്കോട് രണ്ട് തൊഴിലാളികള്‍ അഴുക്കുചാലിനകത്ത് കുടുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച് ജീവന്‍ ത്യജിക്കേണ്ടിവന്ന നൗഷാദിനെപോലും ആ മനുഷ്യസ്നേഹിയുടെ മതം നോക്കി വിമര്‍ശിച്ചയാളെക്കുറിച്ച് ഇതില്‍ കൂടുതലെന്തുപറയാനാണ് എന്നും പത്രം വിമര്‍ശിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com