ചമ്പക്കരക്കുരുക്ക് അഴിയുന്നു ; പുതിയ പാലം നാളെ ഉദ്ഘാടനം ചെയ്യും

വൈറ്റിലയില്‍നിന്ന് പേട്ടയിലേക്കുള്ള മെട്രോയുടെ പാത നിര്‍മിച്ചതിനൊപ്പമാണ് ചമ്പക്കരയിലെ പഴക്കം ചെന്ന പാലം പുനര്‍നിര്‍മിച്ചത്
ചമ്പക്കരക്കുരുക്ക് അഴിയുന്നു ; പുതിയ പാലം നാളെ ഉദ്ഘാടനം ചെയ്യും

കൊച്ചി : കൊച്ചി ചമ്പക്കര കനാലിന് കുറുകെ നിര്‍മ്മിച്ച രണ്ടാമത്തെ പാലം നാളെ ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിന്റെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും. മെട്രോ പദ്ധതിയുടെ ഭാഗമായി ഡിഎംആര്‍സി നിര്‍മിച്ച രണ്ടാമത്തെ പാലമാണ് നാടിന് സമര്‍പ്പിക്കുന്നത്. 

വൈറ്റിലയില്‍നിന്ന് പേട്ടയിലേക്കുള്ള മെട്രോയുടെ പാത നിര്‍മിച്ചതിനൊപ്പമാണ് ചമ്പക്കരയിലെ പഴക്കം ചെന്ന പാലം പുനര്‍നിര്‍മിച്ചത്. 10 മാസം കൊണ്ടാണ് പാലം പൂര്‍ത്തിയാക്കിയത്. ഇതോടെ ചമ്പക്കരയില്‍ ഒരു പാലം ഉണ്ടായിരുന്ന സ്ഥാനത്ത് രണ്ട് പാലമാകും. ഇതോടെ വൈറ്റില-തൃപ്പൂണിത്തുറ റൂട്ടിലെ ഗതാഗതം കൂടുതല്‍ സുഗമമാകും. 

മെട്രോ പാതയ്‌ക്കൊപ്പം പഴയപാലത്തിനു കിഴക്കുഭാഗത്തുകൂടി ഏഴരമീറ്റര്‍ വീതിയില്‍ ആദ്യപാലത്തിന്റെ നിര്‍മാണം 2019 മെയ് ഒമ്പതിന് പൂര്‍ത്തിയായിരുന്നു. 350 മീറ്റര്‍ നീളമുള്ള പാലത്തിന്റെ മധ്യഭാഗത്ത് 45 മീറ്റര്‍ നീളമുള്ള ഒറ്റ സ്പാനാണുള്ളത്. കനാലിലൂടെ ബാര്‍ജുകള്‍ക്കും മറ്റും പോകാന്‍ സൗകര്യമൊരുക്കിയാണ് നീളമേറിയ സ്പാന്‍ നിര്‍മിച്ചത്. മധ്യഭാഗത്ത് ഏഴുമീറ്ററാണ് ഉയരം. 

ആദ്യപാലം ഗതാഗതത്തിന് തുറന്നതോടൊപ്പം രണ്ടാമത്തെ പാലം നിര്‍മാണം തുടങ്ങി 10 മാസത്തിനുള്ളിലാണ് ഗതാഗതത്തിന് തുറക്കുന്നത്. 245 മീറ്ററാണ് നീളം. മെട്രോ പാത ഉള്‍പ്പെടെ പാലത്തിന്റെ നിര്‍മാണച്ചെലവ് 50 കോടി രൂപ. പാലം നിര്‍മ്മാണത്തിനൊപ്പം വൈറ്റിലമുതല്‍ പേട്ട വരെ റോഡ് നാലുവരിയാക്കിയിരുന്നു. പേട്ടമുതല്‍ എസ്എന്‍ ജങ്ഷന്‍വരെയുള്ള റോഡ് നാലുവരിയാക്കുന്നത് പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com