പാല ഹൃദയവികാരം, എല്‍ഡിഎഫിലേക്ക് പോകുന്നത് ഉപാധികളില്ലാതെയെന്ന് ജോസ് കെ മാണി; മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രം

കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്‍ അവരുടെ മുഖ്യശത്രുവായി കാണുന്നത് കേരള കോണ്‍ഗ്രസിനെ ആണ്
പാല ഹൃദയവികാരം, എല്‍ഡിഎഫിലേക്ക് പോകുന്നത് ഉപാധികളില്ലാതെയെന്ന് ജോസ് കെ മാണി; മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രം

കോട്ടയം : പാല കേരള കോണ്‍ഗ്രസിന്റെ ഹൃദയവികാരമാണെന്നും, എല്‍ഡിഎഫിലേക്ക് പോകുന്നത് ഉപാധികളില്ലാതെയാണെന്നും ജോസ് കെ മാണി. നിയമസഭാ സീറ്റുകളില്‍ മല്‍സരിക്കുന്നത് സംബന്ധിച്ചെല്ലാം മുന്നണിയാണ് തീരുമാനിക്കേണ്ടത്. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രമാണെന്നും ജോസ് കെ മാണി പറഞ്ഞു. 

കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസും യുഡിഎഫും അനീതി കാട്ടിയെന്ന് ജോസ് കെ മാണി പറഞ്ഞു. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്നും കടുത്ത അനീതിയാണ് പാര്‍ട്ടി നേരിട്ടത്. കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ പി ജെ ജോസഫിന്, മൗനമായി വേണ്ട പിന്തുണയും സഹായവുമാണ് ചില യുഡിഎഫ് നേതാക്കന്മാര്‍ കൊടുത്തതെന്ന് ജോസ് കെ മാണി ആരോപിച്ചു.
 

കടുത്ത നീചമായ വ്യക്തിഹത്യയാണ് തനിക്കെതിരെ പി ജെ ജോസഫ് നടത്തിയത്. മാണിസാറിന് അസുഖമാണ്, ചികില്‍സയിലാണ് എന്ന് അറിഞ്ഞ ഉടന്‍ തന്നെ ലോക്‌സഭ സീറ്റ് ചോദിച്ചു, പിന്നാലെ രാജ്യസഭ സീറ്റും ചോദിച്ചു. അതിന് ശേഷം പാല ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന് പുറത്തു നിന്നും താന്‍ പറയുന്ന ആള്‍ വേണമെന്ന് പിജെ ജോസഫ് നിര്‍ബന്ധം പിടിച്ചു. 

പാര്‍ട്ടിയുടെ ചിഹ്നവും പേരും വേണമെന്നും, പാര്‍ട്ടി ഓഫീസ് ഏറ്റെടുക്കുമെന്നും പറഞ്ഞു. മാണി ഭവനം മ്യൂസിയമാക്കണമെന്ന് ആവശ്യപ്പെട്ടു. പൊളിറ്റിക്കല്‍ വള്‍ചറിസമായിട്ടും അതേ രീതിയില്‍ താന്‍ പ്രതികരിച്ചില്ല. കേരള കോണ്‍ പുറത്താക്കിയത് ഒരു പഞ്ചായത്തിന്റെ പേരിലാണ്. ഇന്ത്യയുടെ ചരി്രതത്തില്‍ ഒരു മുന്നണിയില്‍ നിന്നും ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ ഒരു പഞ്ചായത്തിന്റെ പദവിക്ക് വേണ്ടി പുറത്താക്കിയിട്ടുണ്ടോ എന്നും ജോസ് കെ മാണി ചോദിച്ചു. 

കെ എം മാണി സാറാണ് യുഡിഎഫിനെ കെട്ടിപ്പടുത്തത്. ആ പ്രസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസിന് തുടരാന്‍ അര്‍ഹതയില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എഴുതി വായിച്ചത്. അതുവഴി കഴിഞ്ഞ 38 വര്‍ഷക്കാലം യുഡിഎഫിനെ അതിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും വിജയത്തിലും പരാജയത്തിലും ഒപ്പം നിന്ന മാണിസാറിനെയും മാണി സാറിന്റെ രാഷ്ട്രീയത്തെയും ഒപ്പം നിന്ന ജനവിഭാഗത്തേയുമാണ് അപമാനിച്ചത്.

യുഡിഎഫ് വിടാന്‍ 2016 ലെ ചരല്‍ക്കുന്ന് ക്യാമ്പില്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. അന്ന് ആ തീരുമാനം ടെുത്തപ്പോള്‍ മാണി പറഞ്ഞ വാക്കുകള്‍ ഇന്ന് പ്രസക്തമാണ്. കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്‍ അവരുടെ മുഖ്യശത്രുവായി കാണുന്നത് കേരള കോണ്‍ഗ്രസിനെ ആണ് എന്നാണ്. നമ്പര്‍ വണ്‍ എനിമി ഈസ് കേരള കോണ്‍ഗ്രസ് എന്നവാക്കാണ് ഉപയോഗിച്ചത്. ഇതിനായി സ്‌പെഷ്യല്‍ ബറ്റാലിയന്‍, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യല്‍ ഫണ്ട് ഉണ്ട് എന്ന് മാണി പറഞ്ഞു. 

ഇപ്പോള്‍ മാണിയോട് വല്ലാത്ത സ്‌നേഹമാണ്. തങ്ങളെ പുറത്താക്കിയപ്പോള്‍ ഈ സ്‌നേഹം കണ്ടില്ല. കേരള കോണ്‍ഗ്രസിനെ പുറത്താക്കിയിട്ട് മൂന്നുമാസം കഴിഞ്ഞു. ഇതുവരെ മുന്നണിയില്‍ തിരിച്ചെടുക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഒരു ചര്‍ച്ചയെങ്കിലും നടത്തിയോ. സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്നപ്പോള്‍ യുഡിഎഫ് മുന്നണി കേരള കോണ്‍ഗ്രസ് എംഎല്‍എമാരെയെങ്കിലും ബന്ധപ്പെടണ്ടേ. അതുപോലും ഉണ്ടായില്ല. രാജ്യസഭ തെരഞ്ഞെടുപ്പിലും ഈ നിലപാടാണ് സ്വീകരിച്ചത്. മാണിയുടെ പ്രസ്ഥാനത്തെ ഇല്ലാതാക്കുക എന്ന അജണ്ടയുടെ ആവര്‍ത്തനമല്ലേ നടക്കുന്നത്. ആ അജണ്ടയുടെ മുന്നില്‍ ഈ പാര്‍ട്ടിയെ അടിയറ വെക്കാന്‍ കഴിയില്ല. ആത്മാഭിമാനം അടിയറ വെച്ച് മുന്നോട്ടുപോകാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു. 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിനു വിട്ടുകൊടുക്കാമെന്ന ധാരണ പാലിച്ചില്ലെന്ന് ആരോപിച്ച് ജോസ് വിഭാഗത്തിനെതിരെ യുഡിഎഫ് നടപടി സ്വീകരിച്ചതോടെയാണ് വഴിപിരിയലിനു കളമൊരുങ്ങിയത്. ജൂലൈ 29നാണ് ജോസ് പക്ഷത്തെ യുഡിഎഫില്‍നിന്ന് ഒഴിവാക്കിയെന്ന് യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചത്. നൂറു ദിവസത്തിനുള്ളില്‍ ജോസ് വിഭാഗം ഇടതുചേരിയിലേക്കു ചേക്കേറുകയാണ്. 39വര്‍ഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി മാറുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com