വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : ഉന്നത ഗൂഢാലോചനയില്ലെന്ന് പൊലീസ് ; കാരണം പ്രാദേശിക രാഷ്ട്രീയ വൈരാഗ്യം

ഡി കെ മുരളി എംഎല്‍എയുടെ മകനുമായി ബന്ധപ്പെട്ടാണു സംഘര്‍ഷത്തിന്റെ തുടക്കമെന്ന കോണ്‍ഗ്രസ് ആരോപണവും പൊലീസ് തള്ളിക്കളഞ്ഞു
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : ഉന്നത ഗൂഢാലോചനയില്ലെന്ന് പൊലീസ് ; കാരണം പ്രാദേശിക രാഷ്ട്രീയ വൈരാഗ്യം

തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് പൊലീസ്. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും പൊലീസ്  തള്ളിക്കളഞ്ഞു. 

രാഷ്ട്രീയ കൊലപാതകം എന്ന സിപിഎം ആരോപണം പൂര്‍ണമായും തള്ളിക്കളയുന്നില്ലങ്കിലും ഉന്നത ഗൂഡാലോചനക്ക് തെളിവൊന്നുമില്ലെന്നാണ് പൊലീസ് നിഗമനം. അടൂര്‍ പ്രകാശ് എംപിക്ക് പങ്കെന്നത് ആരോപണം മാത്രമാണ്. മുഖ്യപ്രതികളില്‍ ചിലര്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചത് കോന്നിയിലേക്കാണങ്കിലും അത് അവരെ സഹായിച്ച കൂട്ടുപ്രതി ശ്രീജയുടെ വീട് അവിടെ ആയതിനാലാണ്. 

ഡി കെ മുരളി എംഎല്‍എയുടെ മകനുമായി ബന്ധപ്പെട്ടാണു സംഘര്‍ഷത്തിന്റെ തുടക്കമെന്ന കോണ്‍ഗ്രസ് ആരോപണവും പൊലീസ് തള്ളിക്കളഞ്ഞു. പ്രാദേശിക രാഷ്ട്രീയ തര്‍ക്കമാണ് കൊലയിലെത്തിയത് എന്നതിനു ഫോണ്‍വിളികളടക്കം ഒട്ടേറെ തെളിവുകളുണ്ടെന്നു പറയുന്നു. പ്രതികളും കൊല്ലപ്പെട്ടവരും പരസ്പരം അറിയാവുന്നവരായതിനാല്‍ ചില വ്യക്തിവൈരാഗ്യങ്ങളും രാഷ്ട്രീയവൈര്യത്തിന് മൂര്‍ച്ചകൂട്ടിയിട്ടുണ്ട്. 

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിലെ സംഘര്‍ഷമാണ് വൈരാഗ്യത്തിന്റെ തുടക്കം. ഏപ്രിലില്‍ ഡിവൈഎഫ്‌ഐക്കാരനായ ഫൈസലിനെ പ്രതികളുടെ സംഘം വെട്ടിയതോടെ വൈരാഗ്യം മൂര്‍ച്ഛിച്ചു. പ്രതികള്‍ ജാമ്യത്തിലിറങ്ങിയതോടെ കൊലപാതകത്തിന്റെ ആസൂത്രണം തുടങ്ങിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. തിരുവോണത്തിന്റെ തലേന്നാണ്  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കുത്തേറ്റ് മരിക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം അറസ്റ്റിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com