'ആ ഫോണ്‍ തിരികെ തരുമോ...'; അമ്മയെ കൊന്ന കേസില്‍ അച്ഛന്‍ ജയിലില്‍, ഒന്‍പതുകാരന്റെ ചോദ്യത്തിന് മുന്നില്‍ അലിഞ്ഞ് പൊലീസ് മനസ്സ്,പുതിയ ഫോണ്‍

അമ്മയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന അച്ഛന്റെ ഫോണ്‍ തിരികെ തരുമോ എന്ന ഒന്‍പതു വയസ്സുകാരന്റെ ചോദ്യത്തിന് മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥയായ ഷാലിയുടെ നെഞ്ച് പിടഞ്ഞു
'ആ ഫോണ്‍ തിരികെ തരുമോ...'; അമ്മയെ കൊന്ന കേസില്‍ അച്ഛന്‍ ജയിലില്‍, ഒന്‍പതുകാരന്റെ ചോദ്യത്തിന് മുന്നില്‍ അലിഞ്ഞ് പൊലീസ് മനസ്സ്,പുതിയ ഫോണ്‍

തൃശൂര്‍: അമ്മയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന അച്ഛന്റെ ഫോണ്‍ തിരികെ തരുമോ എന്ന ഒന്‍പതു വയസ്സുകാരന്റെ ചോദ്യത്തിന് മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥയായ ഷാലിയുടെ നെഞ്ച് പിടഞ്ഞു. ആ ഫോണിലാണ് അവന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്. പഠിത്തം മുടങ്ങാതിരിക്കാനുള്ള ആഗ്രഹത്തിന് പുറത്തുവന്ന ചോദ്യമായിരുന്നു അത്... തൊട്ടടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ പുത്തന്‍ ഫോണുമായി ആ കുട്ടിയെ തേടിയെത്തി. ഇരുള്‍ മൂടി നിന്ന അവന്റെ ജീവിതത്തിലേക്കൊരു വെളിച്ചമായി ആ സമ്മാനം.

തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിയില്‍ കഴിഞ്ഞ മാസം നടന്ന കൊലപാതകത്തില്‍ അമ്മയെ നഷ്ടപ്പെടുകയും അച്ഛന്‍ പ്രതിയായി ജയിലില്‍ കഴിയുകയും ചെയ്യുന്ന കുട്ടിയെ തേടിയാണു പൊലീസിന്റെ സ്‌നേഹമനസ്സെത്തിയത്. മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥ എം ജി ഷാലിക്കൊപ്പം തൃശൂരിലേക്കു പോകുമ്പോഴാണു തൊണ്ടിമുതലായി ഏറ്റെടുത്ത ഫോണ്‍ തിരിച്ചുതരാമോ എന്നു കുട്ടി ചോദിച്ചത്. 

ഒപ്പമുള്ളതു സ്‌കൂളിലെ ടീച്ചറാണെന്നായിരുന്നു അവന്റെ വിചാരം. ഇന്നലെ യൂണിഫോമില്‍ ഷാലി എത്തിയപ്പോഴാണു കുട്ടിക്ക് അത് പൊലീസാണെന്നു മനസ്സിലായത്. പഠിച്ചു മിടുക്കനായി പൊലീസ് സേനയില്‍ ചേരണമെന്ന ആശംസ നല്‍കിയാണു പൊലീസ് സംഘം മടങ്ങിയത്. അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ അവനും അനിയത്തിയും. വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ വല്ലപ്പോഴുമുള്ള കൂലിപ്പണിയിലൂടെയാണു കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com