ഏത് സീറ്റില്‍ നിര്‍ത്താനും സിപിഐയ്ക്ക് സ്ഥാനാര്‍ത്ഥികളുണ്ട്; സമയമാകുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്ന് കാനം രാജേന്ദ്രന്‍

ജോസ് കെ മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കണോ മുന്നണിയില്‍ എടുക്കണയോന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം


തിരുവനന്തപുരം: ജോസ് കെ മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കണോ മുന്നണിയില്‍ എടുക്കണയോന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി സീറ്റില്‍ മത്സരിപ്പിക്കാനും പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജോസ് കെ മാണിയും യുഡിഎഫും തമ്മിലുള്ള പ്രശ്‌നത്തില്‍ എല്‍ഡിഎഫിനെ കക്ഷി ചേര്‍ക്കേണ്ടതില്ല. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ നില്‍ക്കുമ്പോള്‍ യുഡിഎഫിനെപ്പോലെ അവരെയും എതിര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ അവര്‍ എല്‍ഡിഎഫ് ആണ് ശരിയെന്ന് പറയുമ്പോള്‍ എന്തിനാണ് എതിര്‍ക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. 

തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നും നിയസഭ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇടത് മുന്നണി ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഏത് സാഹചര്യത്തില്‍ എങ്ങനെ പോകുമെന്ന് എല്‍ഡിഎഫ് കൂടി ആലോചിക്കാനിരിക്കുന്നതേയുള്ളു. അതിന് മുന്‍പ് തോക്കില്‍ കയറി വെടിവെയ്ക്കുന്നത് എന്തിനാണ്.'- അദ്ദേഹം ചോദിച്ചു. 

ബാര്‍ കോഴ സമരത്തെക്കുറിച്ച് തങ്ങളിപ്പോള്‍ പുനപ്പരിശോധന നടത്തുന്നില്ല. ഒരുകക്ഷിയില്‍ നിന്നുകൊണ്ട് അവരുമായി വിലപേശാന്‍ എല്‍ഡിഎഫിനെ ഉപയോഗിക്കരുത് എന്നാണ് അന്നും താന്‍ പറഞ്ഞത്. അതില്‍തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു എന്നും കാനം കൂട്ടിച്ചേര്‍ത്തു. 

'ഏത് സീറ്റില്‍ വേണമെങ്കിലും നിര്‍ത്താന്‍ സിപിഐയില്‍ സ്ഥാനാര്‍ത്ഥികളുണ്ട്. ഇപ്പോ തെരഞ്ഞെടുപ്പ് സമയമല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം ആകുമ്പോള്‍ നിങ്ങളെ അറിയിക്കാം'-കേരള കോണ്‍ഗ്രസ് എമ്മിന്റെ കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനല്‍കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

ജോസ് കെ മാണിയെ മുന്നണിയില്‍ എടുക്കുന്നതിനെ കുറിച്ച് സിപിഐ ചര്‍ച്ച ചെയ്യുമെന്നും 23ാം തീയതിയിലെ യോഗത്തിന് ശേഷം തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com