ഫറോക്ക് ടിപ്പുകോട്ടയില്‍ പുരാവസ്തുവകുപ്പിന്റെ പര്യവേക്ഷണം; കമ്മട്ടം കണ്ടെത്തി, കാല നിര്‍ണയ പരിശോധനയില്‍

ഫറോക്ക് ടിപ്പുകോട്ടയില്‍ നടത്തിയ പരിശോധനയില്‍ നാണയ നിര്‍മാണ ഉപകരണം (കമ്മട്ടം) പുരാവസ്തു വകുപ്പ് കണ്ടെത്തി.
ഫറോക്ക് ടിപ്പുകോട്ടയില്‍ പുരാവസ്തുവകുപ്പിന്റെ പര്യവേക്ഷണം; കമ്മട്ടം കണ്ടെത്തി, കാല നിര്‍ണയ പരിശോധനയില്‍

കോഴിക്കോട്: ഫറോക്ക് ടിപ്പുകോട്ടയില്‍ നടത്തിയ പരിശോധനയില്‍ നാണയ നിര്‍മാണ ഉപകരണം (കമ്മട്ടം) പുരാവസ്തു വകുപ്പ് കണ്ടെത്തി. പഴശ്ശിരാജാ മ്യൂസിയം ഇന്‍ചാര്‍ജ് കെ  കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയ്ക്കകത്ത് ബുധനാഴ്ച കുഴിയെടുത്ത് പരിശോധന തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് നാണയ നിര്‍മാണ ഉപകരണം കണ്ടെത്തിയത്. ഇവ നിര്‍മിച്ച കാലഘട്ടം നിര്‍ണയിക്കാനുളള പരിശോധനയിലാണ് പുരാവസ്തുവകുപ്പ്.

മൂന്നുദിവസം മുമ്പ് ദ്രവിച്ച ഒരു നാണയവും ചൈനീസ് നിര്‍മിത പാത്രത്തിന്റെ ഭാഗവും കോട്ടയുടെ ഉപരിതല മണ്ണില്‍നിന്ന് ലഭിച്ചിരുന്നു. കോട്ടയുടെ ഭാഗം കണ്ടെത്തലും തുടര്‍ നടപടിയുമായിരുന്നു നാലുദിവസം. വരുംദിവസങ്ങളില്‍ കൂടുതല്‍ ഭാഗങ്ങളില്‍ കുഴിനിര്‍മിച്ചുള്ള പരിശോധന തുടരുമെന്ന് കെ കൃഷ്ണരാജ് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ കോട്ട സന്ദര്‍ശിക്കുന്നതില്‍നിന്ന് പൊതുജനങ്ങളെ വിലക്കിയിട്ടുണ്ട്.

ഹൈക്കോടതിവിധിയുടെ ഭാഗമായാണ് പുരാവസ്തുവകുപ്പ് ഫറോക്ക് ടിപ്പു കോട്ടയില്‍ വെള്ളിയാഴ്ചമുതല്‍ പര്യവേക്ഷണസര്‍വേ നടപടികള്‍ക്ക് തുടക്കമിട്ടത്.  2010-ല്‍ ഫറോക്കിലെ ടിപ്പുകോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫറോക്ക് കള്‍ച്ചറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കോടതിയിലെത്തിയത്. കോട്ടയിലെ 5.61 ഏക്കര്‍ ഭൂമിയിലെ ഉദ്ഖനന സാധ്യത പരിശോധിച്ച് പര്യവേക്ഷണം നടത്താനുള്ള അനുമതിയാണ് പുരാവസ്തുവകുപ്പിന് കോടതി നല്‍കിയത്. കോട്ടയ്ക്കുള്ളില്‍ ഭീമന്‍ പടികളോടുകൂടിയ കിണര്‍, വെടിമരുന്ന് അറ, ശത്രുക്കള്‍ കോട്ടയ്ക്കകത്ത് പ്രവേശിക്കാതിരിക്കുന്നതിനുള്ള കുതിരച്ചാല്‍, എന്നിവയുണ്ട്. 1991 നവംബര്‍ ആറിനാണ് അന്നത്തെ സര്‍ക്കാര്‍ ഫറോക്കിലെ ടിപ്പുകോട്ടയെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com