കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാവർക്കും സൗജന്യ രോഗ നിര്‍ണയ പരിശോധന; ആദ്യഘട്ടത്തിൽ 300 കേന്ദ്രങ്ങളിൽ

ചെറുതും വലുതുമായ 64 പരിശോധനകളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി സാധ്യമാക്കുന്നത്
Health Minister KK Shailaja
Health Minister KK Shailaja

തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാവർക്കും സൗജന്യ രോഗ നിര്‍ണയ പരിശോധനകള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യഘട്ടത്തിൽ 300 കേന്ദ്രങ്ങളിലാണ് ഇതു നടപ്പാക്കുക. ചെലവേറിയത് ഉള്‍പ്പെടെ 64 രോഗ പരിശോധനാ സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നത്. 

ഗര്‍ഭിണികള്‍, 18 വയസിന് താഴെയുള്ള കുട്ടികള്‍, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇതുവരെ സൗജന്യ രോഗനിര്‍ണയ സേവനം നല്‍കി വരുന്നത്. സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് ഇപ്പോൾ രൂപം നല്‍കിയിരിക്കുന്നത്. 

ആദ്യ ഘട്ടത്തില്‍ 282 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും, 18 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയുമാണ് സൗജന്യ രോഗ നിര്‍ണയ പരിശോധന ലഭ്യമാക്കുന്നത്. ഈ സൗകര്യം ഒരുക്കുന്നതിന് കെ എം എസ് സി എല്‍ മുഖേന 18.40 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും സൗജന്യ രോഗ നിര്‍ണയ പരിശോധന ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹീമോഗ്ലോബിന്‍, ടോട്ടല്‍ ലൂക്കോസൈറ്റ്, പ്ലേറ്റ്‌ലറ്റ് കൗണ്ട്, ബ്ലഡ് ഗ്രൂപ്പ്, ബ്ലീഡിംഗ് ടൈം, ക്ലോട്ടിംഗ് ടൈം, വിവിധ യൂറിന്‍ ടെസ്റ്റുകള്‍, ഡെങ്കു ടെസ്റ്റ്, ഹെപ്പറ്റെറ്റിസ് ബി, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, ടോട്ടല്‍ കൊളസ്‌ട്രോള്‍, സിറം ടെസ്റ്റുകള്‍, ഡിഫ്റ്റീരിയ ടെസ്റ്റ്, ടിബി ടെസ്റ്റ്, ന്യൂ ബോണ്‍ സ്‌ക്രീനിംഗ് ഉള്‍പ്പെടെയുള്ള സിആര്‍പി, ടിഎസ്എച്ച് തുടങ്ങിയ ചെറുതും വലുതുമായ 64 പരിശോധനകളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി സാധ്യമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com