ജോസ് കെ മാണിക്ക് എകെജി സെന്ററില്‍ ഊഷ്മള വരവേല്‍പ്പ് ; മുന്നണി പ്രവേശത്തില്‍ ചര്‍ച്ച

ജോസ് കെ മാണി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം :  കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി സിപിഎം ആസ്ഥാനത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്നതിനിടെയാണ് ജോസ് കെ മാണി എകെജി സെന്ററിലെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. 

റോഷി അഗസ്റ്റിന്‍ എംഎല്‍എയും ജോസിനൊപ്പം ഉണ്ടായിരുന്നു.  കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ജോസ് കെ മാണിയെ വാതിൽക്കലോളം കോടിയേരിയും എ വിജയരാഘവനും അനു​ഗമിച്ചു.  എൽഡിഎഫ് പ്രവേശനത്തിൽ തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് കെ മാണി പറഞ്ഞു. ആ​ഗ്രഹം കോടിയേരിയെയും ഇടതുമുന്നണി കൺവീനറെയും കാനം രാജേന്ദ്രനെയും അറിയിച്ചു. സിപിഐ ആസ്ഥാനത്തേക്ക് എകെജി സെന്ററിലെ കാറിൽ പോയതിൽ ഒരു പ്രശ്നവുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. 

രാവിലെ ജോസ് കെ മാണി സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലെത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള എതിര്‍പ്പുകള്‍ പരിഹരിക്കുക ലക്ഷ്യമിട്ടായിരുന്നു സന്ദര്‍ശനം. സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ നിന്നും വിട്ടു നല്‍കിയ കാറിലാണ് ജോസ് കെ മാണിയും റോഷിയും എംഎന്‍ സ്മാരകത്തിലെത്തിയത്. 


ഇടതുമുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കാനവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് കെ മാണി പറഞ്ഞു. പഴയ തര്‍ക്കങ്ങളെല്ലാം അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച ജോസ് കെ മാണി, രാജ്യസഭ അംഗത്വം രാജിവെക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫില്‍ അംഗമാകാനാണ് കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com