1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തി ; സ്വപ്‌നയ്ക്കും സരിത്തിനുമെതിരെ പുതിയ കേസ് ; ബാങ്കില്‍ ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് കസ്റ്റംസ്

വൻസമ്മർദ്ദം മൂലമാണ് ഡോളർ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥർ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്
1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തി ; സ്വപ്‌നയ്ക്കും സരിത്തിനുമെതിരെ പുതിയ കേസ് ; ബാങ്കില്‍ ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് കസ്റ്റംസ്


കൊച്ചി : വിദേശത്തേക്ക് ഡോളര്‍ കടത്തിയതിന് സ്വര്‍ണക്കടത്തുകേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനേയും പ്രതികളാക്കി കസ്റ്റംസ് പുതിയ കേസെടുത്തു. വിദേശത്തേയ്ക്ക് പ്രതികള്‍ 1.90ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്നാണ് കണ്ടെത്തല്‍. ഡോളര്‍ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ബാങ്കില്‍ സമ്മര്‍ദം ചെലുത്തിയെന്ന് കസ്റ്റംസ് പറയുന്നു.

വൻസമ്മർദ്ദം മൂലമാണ് ഡോളർ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥർ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഈ പണമാണ് പിന്നീട് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് മുന്നിൽ വച്ച് കോൺസുലേറ്റിലെ ധനകാര്യവിഭാഗത്തിന്‍റെ ചുമതലയിലുണ്ടായിരുന്ന ഖാലിദിന് കൈമാറുന്നത്. ഖാലിദാണ് ഈ തുക വിദേശത്തേക്ക് കടത്തിയത്. 

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങിയതെന്നാണ് സൂചന. സ്വപ്നസുരേഷ്, സന്ദീപ് നായർ എന്നിവർക്കൊപ്പം ഡോളർ കടത്തിന് ശിവശങ്കർ ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ രണ്ട് തവണ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. എന്താണ് അസുഖമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ശിവശങ്കർ കൃത്യമായ വിവരങ്ങൾ നൽകിയതുമില്ല. 

ഇതേത്തുടർന്നാണ് കസ്റ്റംസ് നേരിട്ടെത്തി ശിവശങ്കറിന് ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത്. കസ്റ്റംസ് ആക്ടിലെ 108- പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസിൽ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ വിളിച്ചുവരുത്താനുള്ള നോട്ടീസാണ് ശിവശങ്കറിന് നൽകിയത്. പുതിയൊരു കേസ് നമ്പറാണ് നോട്ടീസിലുള്ളതെന്ന്, നോട്ടീസ് പരിശോധിച്ച ശിവശങ്കറിന് മനസ്സിലായി. പിന്നാലെ നോട്ടീസിലെ വിവരങ്ങൾ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കർ ചർച്ച ചെയ്തു. ചോദ്യം ചെയ്യൽ നീട്ടിവയ്ക്കാൻ കഴിയുമോ എന്ന് വീണ്ടും ശിവശങ്കർ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. എന്നാൽ കഴിയില്ലെന്ന് കസ്റ്റംസ് മറുപടി നൽകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com