കേരള കോണ്‍ഗ്രസ് (എം) മല്‍സരിച്ച എല്ലാ സീറ്റുകളും വേണം ; യുഡിഎഫില്‍ പിടിമുറുക്കാന്‍ പിജെ ജോസഫ് ; ജോസ്പക്ഷം ദിശാബോധമില്ലാത്ത കൊതുമ്പുവള്ളമെന്ന് പരിഹാസം

റോഷി അഗസ്റ്റിന്‍ എംഎല്‍എ ജോസ് കെ മാണിയുടെ കുഴലൂത്തു കാരനായി മാറിയെന്ന് പി ജെ ജോസഫ് പറഞ്ഞു
കേരള കോണ്‍ഗ്രസ് (എം) മല്‍സരിച്ച എല്ലാ സീറ്റുകളും വേണം ; യുഡിഎഫില്‍ പിടിമുറുക്കാന്‍ പിജെ ജോസഫ് ; ജോസ്പക്ഷം ദിശാബോധമില്ലാത്ത കൊതുമ്പുവള്ളമെന്ന് പരിഹാസം

തൊടുപുഴ : കേരള കോണ്‍ഗ്രസ് എം മല്‍സരിച്ചിരുന്ന എല്ലാ സീറ്റുകളും വേണമെന്ന് പി ജെ ജോസഫ്. ഇക്കാര്യം യുഡിഎഫിനോട് ആവശ്യപ്പെടും. കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഏറെയും ജോസ് കെ മാണിയെ കൈവിട്ടു. അവരെല്ലാം തന്നോടൊപ്പമാണ്. ഇല്ലാത്ത കുറ്റം പറയുന്ന റോഷി അഗസ്റ്റിന്‍ മാത്രമാണ് ജോസ് കെ മാണിക്ക് ഒപ്പമുള്ളതെന്ന് പി ജെ ജോസഫ് പറഞ്ഞു. 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് എം മുന്‍കാലത്ത് മല്‍സരിച്ച സീറ്റുകള്‍ മുഴുവനും വേണമെന്നാണ് ആവശ്യം. ഇക്കാര്യം യുഡിഎഫില്‍ ഉന്നയിക്കും. കേരള കോണ്‍ഗ്രസ് വികാരമുള്ള മേഖലയിലെല്ലാം തന്റെ പാര്‍ട്ടി വിജയിക്കുമെന്നും ജോസഫ് പറഞ്ഞു. 

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ളത് കൊതുമ്പുവള്ളം മാത്രമാണെന്ന് ജോസഫ് പരിഹസിച്ചു. അത് ദിശാബോധമില്ലാതെ ഒഴുകി നടക്കുകയാണ്. ഏതു നിമിഷവും മുങ്ങും. ഇവിടെ നിന്നു മുങ്ങി പാലായിലെത്തിയാൽ രക്ഷപ്പെടുമോ എന്നറിയില്ലെന്നും ജോസഫ് പരിഹസിച്ചു. പാലായിൽ ജോസിന്റെ സഹോദരി സാലിയെയാണ് മൽസരിക്കാൻ പരി​ഗണിച്ചത്. ചിഹ്നം വേണ്ടെന്ന് പറഞ്ഞത് ജോസ് കെ മാണിയാണ്. റോഷി അഗസ്റ്റിന്‍ എംഎല്‍എ ജോസ് കെ മാണിയുടെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണെന്നും ജോസഫ് കുറ്റപ്പെടുത്തി. 

എന്നാല്‍ കേരള കോണ്‍ഗ്രസ് എം നേരത്തെ മല്‍സരിച്ച എല്ലാ സീറ്റും വേണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ തിങ്കളാഴ്ച ഉഭയകക്ഷി ചര്‍ച്ച നടക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മല്‍സരിച്ച വിജയം ഉറപ്പുള്ള സീറ്റുകള്‍ മാത്രം നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ ആലോചന. പരമാവധി എട്ടോ പത്തോ സീറ്റുകള്‍ നല്‍കുന്ന കാര്യമാണ് ആലോചിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com