പോരാട്ടങ്ങളുടെ നൂറ്റാണ്ട്‌ ; കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപംകൊണ്ടിട്ട്‌ ഇന്ന്‌ 100 വർഷം

കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആഘോഷിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി :  കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ രൂപം കൊണ്ടിട്ട് ഇന്ന് ഒരു നൂറ്റാണ്ട്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യ വിട്ടുപോവുകയും ബോള്‍ഷെവിക് വിപ്ലവനായകന്‍ ലെനിനുമായി ബന്ധം പുലര്‍ത്തുകയും ചെയ്തവരാണ് പാര്‍ടി രൂപീകരണത്തിന് മുന്‍കൈ എടുത്തത്. 1920 ഒക്ടോബര്‍ 17ന് താഷ്‌കെന്റില്‍ ചേര്‍ന്ന രൂപീകരണയോഗം മുഹമ്മദ് ഷഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 

എം എന്‍ റോയി ആയിരുന്നു മുഖ്യസംഘാടകന്‍. എവലിന്‍ റോയ്, അബനി മുഖര്‍ജി, റോസ ഫിറ്റിന്‍ഗോവ്, മുഹമ്മദ് അലി, ആചാര്യ എന്നിവരും പങ്കെടുത്തു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് യോജിച്ച പാര്‍ടി പരിപാടി തയ്യാറാക്കാന്‍ തീരുമാനിച്ചു. താഷ്‌കെന്റില്‍ പരിശീലനകേന്ദ്രം തുടങ്ങി. ഇന്ത്യയില്‍നിന്നെത്തിയ വിദ്യാര്‍ഥികളാണ് പരിശീലനം നേടിയവരില്‍ ഏറിയപങ്കും. ഇന്ത്യയില്‍ പാര്‍ടി കെട്ടിപ്പടുക്കാനായി മടങ്ങിയ ഇവരില്‍ 10 പേരെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 

ഇന്ത്യയില്‍ പാര്‍ടി കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളെ ഇത് തളര്‍ത്തിയില്ല. മുസഫര്‍ അഹമ്മദ്, എസ് എ ഡാങ്കെ, ശിങ്കാരവേലു ചെട്ടിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1921-22 കാലത്ത് അന്നത്തെ ബോംബെ, കല്‍ക്കത്ത, മദ്രാസ്, ലാഹോര്‍, കാണ്‍പുര്‍ എന്നിവിടങ്ങളില്‍ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ സ്ഥാപിച്ചു. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആഘോഷിക്കും. 

ബ്രാഞ്ച് കേന്ദ്രങ്ങളില്‍ രാവിലെ പതാക ഉയര്‍ത്തും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് ആറിന്  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. അടുത്തദിവസങ്ങളില്‍ ജില്ലാ കമ്മിറ്റികള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com