വി കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി ; എം എന്‍ രജികുമാര്‍ മാളികപ്പുറത്തെ പുതിയ മേല്‍ശാന്തി

പന്തളം കൊട്ടാരത്തില്‍ നിന്ന് നിശ്ചയച്ച കൗഷിക്ക് കെ വര്‍മ്മ, റിഷികേശ് വര്‍മ്മ എന്നീ കുട്ടികളാണ് നറുക്കെടുത്തത്
ജയരാജ് പോറ്റി, രജികുമാർ എന്നിവർ
ജയരാജ് പോറ്റി, രജികുമാർ എന്നിവർ

ശബരിമല :  ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി വി ജെ ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തു. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്. 2005-2006 കാലത്ത് മാളികപ്പുറം മേല്‍ശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ മേല്‍ശാന്തിയാണ്. 

മാളികപ്പുറം മേല്‍ശാന്തിയായി എം എന്‍ രജികുമാറിനെ ( ജനാര്‍ദ്ദനന്‍ നമ്പൂതിരി) തെരഞ്ഞെടുത്തു. അങ്കമാലി വേങ്ങൂര്‍ സ്വദേശിയാണ്. പന്തളം കൊട്ടാരത്തില്‍ നിന്ന് നിശ്ചയച്ച കൗഷിക്ക് കെ വര്‍മ്മ, റിഷികേശ് വര്‍മ്മ എന്നീ കുട്ടികളാണ് നറുക്കെടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, ശബരിമല തന്ത്രി, സ്‌പെഷല്‍ കമ്മീഷണര്‍ തുടങ്ങിയവര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പങ്കെടുത്തു.

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഭക്തര്‍ ശബരിമല സന്നിധാനത്തിലെത്തി അയ്യനെ തൊഴുതു. പുലര്‍ച്ചെ അഞ്ചുമണിയ്ക്ക് നട തുറന്നപ്പോഴാണ് സാമൂഹിക അകലം പാലിച്ച് ഭക്തര്‍ ദര്‍ശനത്തിനെത്തിയത്. കടുത്ത പരിശോധനകള്‍ക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ശബരിമലയില്‍ അതിനു ശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത 250 പേര്‍ക്ക് വീതമാണ് ദിവസേന ദര്‍ശനാനുമതി. നട അടയ്ക്കുന്ന 21 വരെ ആകെ 1250 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യപ്പനെ തൊഴാം. പടിപൂജ, ഉദയാസ്തമയ പൂജ, കളഭാഭീഷേകം എന്നിവ എല്ലാ ദിവസവമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com