ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആന്‍ജിയോഗ്രാം റിപ്പോര്‍ട്ട്

ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി
ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആന്‍ജിയോഗ്രാം റിപ്പോര്‍ട്ട്


തിരുവനന്തപുരം : ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ശിവശങ്കറിനെ രാവിലെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആന്‍ജിയോഗ്രാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. അതേസമയം ശിവശങ്കര്‍ 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടര്‍ന്നേക്കും. 12 മണിക്കൂര്‍ ഐസിയുവിലും 12 മണിക്കൂര്‍ വാര്‍ഡിലും പാര്‍പ്പിക്കാനാണ് സാധ്യത. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത സാഹചര്യത്തില്‍ ശിവശങ്കറിനെ ആശുപത്രിയില്‍ തുടര്‍ന്നും പാര്‍പ്പിക്കണോ എന്ന കാര്യത്തിലും ഡോക്ടര്‍മാര്‍ക്കിടയില്‍ സന്ദേഹമുണ്ട്. 

അതിനിടെ ശിവശങ്കറിന്റെ ആരോഗ്യപരിശോധനാ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ശിവശങ്കറിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുന്നതും കസ്റ്റംസ് പരിഗണിക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് നാടകീയമായി കസ്റ്റംസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത് ഓഫീസിലേക്ക് കൊണ്ടുവരുന്ന വഴിയ്ക്കാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്. 

അഭിഭാഷകനുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്.  തുടര്‍ന്ന് ഭാര്യ ജോലി ചെയ്യുന്ന കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ ശിവശങ്കറിനെ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍ഐഎ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com