'കെ എം മാണിയെ പിന്നില്‍ നിന്ന് കുത്തിയത് ചെന്നിത്തല', ഉമ്മന്‍ ചാണ്ടിക്കും അറിയാമായിരുന്നു; കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് 

രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ്. കെ എം മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും പി സി ജോര്‍ജ്ജും ഗൂഢാലോചന നടത്തിയെന്നാണ് കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം ഉളളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമാണ് കേരള കോണ്‍ഗ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട്.  കെ എം മാണിക്കെതിരായ ഗൂഢാലോചന സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിക്ക് അറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. ആര്‍ ബാലകൃഷ്ണപിളളയും പി സി ജോര്‍ജും ഗൂഢാലോചനയില്‍ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ 2014ല്‍ കെ എം മാണി സി എഫ് തോമസിനെ ചെയര്‍മാനാക്കിക്കൊണ്ട് അന്വേഷണക്കമ്മിഷന്‍ വെച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിലെ എല്ലാ കണ്ടെത്തലുകളും വിരല്‍ ചൂണ്ടുന്നത് ഐ ഗ്രൂപ്പിലേക്കാണ്. കെ എം മാണിയേയും കേരള കോണ്‍ഗ്രസിനേയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറയുന്നു. രമേശ് ചെന്നിത്തല, പി സി ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരാണ് ഈ ഗൂഢാലോചയ്ക്ക് നേതൃത്വം നല്‍കിയത്. 

എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും അതുപോലെ മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവും ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈയിടെ അന്തരിച്ച സി എഫ് തോമസ് എംഎല്‍എ അധ്യക്ഷനായിരുന്ന സമിതിയെയാണ് ബാര്‍കോഴ കേസ് സംബന്ധിച്ച് പാര്‍ട്ടിക്കുളളിലെ അന്വേഷണം നടത്താന്‍ വേണ്ടി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം ഉണ്ടായില്ല. തുടര്‍ന്നാണ് എറണാകുളം കേന്ദ്രീകരിച്ചുളള സ്വകാര്യ ഏജന്‍സിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുന്നത്. ഇത് പിന്നീട് സി എഫ് തോമസിന് നല്‍കിയിരുന്നു. സി എഫ് തോമസിന്റെ ഒപ്പോടുകൂടിയുളള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ എം മാണിയെ പിന്നില്‍ നിന്ന് കുത്തിയെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ചിരുന്നു. ആരൊക്കെയാണ് ആ നേതാക്കളെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന രഹസ്യ അന്വേഷണ റിപ്പോര്‍ട്ട് അതാരെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാണ്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ നേതാക്കളാണ് കെ എം മാണിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും അതിന്റെ പരിണിതഫലമായിരുന്നു ബാര്‍ കോഴ കേസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com