കേസ് അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടുന്നു; പ്രതികളുടെ മൊഴികളെ അടിസ്ഥാനമാക്കി വാര്‍ത്താസമ്മേളനം നടത്തുന്നു; വി മുരളീധരനെതിരെ സിപിഎം

ബിജെപി നിര്‍ദേശിക്കുന്നതു പോലെയാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് മുരളീധരന്‍
കേസ് അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടുന്നു; പ്രതികളുടെ മൊഴികളെ അടിസ്ഥാനമാക്കി വാര്‍ത്താസമ്മേളനം നടത്തുന്നു; വി മുരളീധരനെതിരെ സിപിഎം

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനം സത്യപ്രതിജ്ഞാലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു.

ബിജെപി നിര്‍ദേശിക്കുന്നതു പോലെയാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് മുരളീധരന്‍ ചെയ്തതെന്നും സിപിഎം. പറയുന്നു. കഴിഞ്ഞ കുറേനാളുകളായി മുരളീധരന്റെ ഭാഗത്തുനിന്ന് അധികാര ദുര്‍വിനിയോഗം ഉണ്ടാകുന്നു. കേസ് അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടുന്നു. പ്രതികളുടെ മൊഴികളെ  അടിസ്ഥാനപ്പെടുത്തി വാര്‍ത്താസമ്മേളനം നടത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് മുരളീധരനെതിരെ സിപിഎം ഉന്നയിക്കുന്നത്.

അന്വേഷണഘട്ടത്തില്‍ മൊഴികള്‍ പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. എന്നിട്ടു പോലും മൊഴിയെ ആധാരമാക്കി പത്രസമ്മേളനം നടത്തുന്ന മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതാണെന്നും സിപിഎം പറയുന്നു.

പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും കൂടിയാലോചിച്ചാണ് പല പ്രസ്താവനകളും നടത്തുന്നത്. ഇവ വീണ്ടും ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നടപടിയാണ് മുരളീധരന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇത് സ്വതന്ത്രമായ കേസ് അന്വേഷണത്തെ ബാധിക്കും. അതിനാല്‍ ഇതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും സിപിഎം പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com