ഓണത്തിന്റെ തിരക്കല്ല, കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ സമരത്തിന് ഇറങ്ങിയതിന്റെ ദുരന്തഫലമാണ് നാം അനുഭവിക്കുന്നതെന്ന് മുഖ്യമന്ത്രി

ഓണക്കാലത്ത് വളരെയധികം ഇളവുകള്‍ അനുവദിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്.
ഓണത്തിന്റെ തിരക്കല്ല, കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ സമരത്തിന് ഇറങ്ങിയതിന്റെ ദുരന്തഫലമാണ് നാം അനുഭവിക്കുന്നതെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേരളത്തെ വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി. 
മരണനിരക്ക് കുറച്ച കേരളത്തിന്റെ കാര്യത്തില്‍ അഭിമാനിക്കുന്നതിന് പകരം പലരും അസ്വസ്ഥരാകുന്നു. അത്തരക്കാരാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങുന്നതെന്നും പിണറായി പറഞ്ഞു. മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതുകൊണ്ടാണ് കേരളം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടത്. കേരളം ഒരു ബഹുമതിക്ക് പിന്നാലെ പോയിട്ടില്ല. ഒരു അവാര്‍ഡിനും അപേക്ഷ നല്‍കിയിട്ടില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചതിന്റെ ഫലമായാണ് അംഗീകാരങ്ങള്‍ തേടിയെത്തിയത്. അതില്‍ അഭിമാനിക്കുന്നതിനു പകരം ചിലര്‍ അസ്വസ്ഥരാകുന്നത് ആശ്ചര്യമുണ്ടാക്കുന്നു.

ഓണക്കാലത്ത് വളരെയധികം ഇളവുകള്‍ അനുവദിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്. ചെറിയ ഇളവുകള്‍ മാത്രമാണ് അനുവദിച്ചത്. തിരക്ക് നിയന്ത്രിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് പുറപ്പെടുവിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാനും ഓണാഘോഷം  നടത്താനും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഓണക്കാലത്തും തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസ് ജാഗ്രത പാലിച്ചു. ആ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പോലീസ് എടുത്ത കേസുകളുടെ എണ്ണവും അറസ്റ്റിലായ വ്യക്തികളുടെ എണ്ണവും പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണവും അക്കാര്യം വ്യക്തമാക്കുന്നതാണ്. 

എന്നാല്‍ രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയായത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. അനാവശ്യമായ അരാജക സമരങ്ങളാണ് കോവിഡ് വ്യാപനം വര്‍ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ചിലര്‍ രംഗത്തിറങ്ങി. മാസ്‌ക വലിച്ചെറിഞ്ഞും നിയന്ത്രണങ്ങള്‍ ലംഘിച്ചും സമര രംഗത്തിറങ്ങാന്‍ ചിലര്‍ ആഹ്വാനം നല്‍കി. ഓണക്കാലത്ത് കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടായില്ല. എന്നാല്‍ അനാവശ്യ സമരങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതായിരുന്നില്ല. ആളുകള്‍ തിക്കിത്തിരക്കി സമരത്തിന് ഇറങ്ങുകയും പോലീസുമായി മല്‍പ്പിടിത്തം ഉണ്ടാക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ സമരത്തിന് ഇറങ്ങിയതിന്റെ ദുരന്തഫലമാണ് നാം അനുവദിക്കുന്നത്. വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും എല്ലാം അടച്ചുപൂട്ടാനും നമുക്ക് മാത്രമായി കഴിയില്ല. എന്നാല്‍ കാര്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയും. കടുത്ത ജാഗ്രത പാലിച്ച് മുന്നോട്ടു പോകേണ്ടിവരും. ആ സന്ദേശമാണ് നാം ഒന്നിച്ചുനിന്ന് നല്‍കേണ്ടത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തെ ആ നിലയില്‍ മാത്രമെ കാണേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഞായറാഴ്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാനത്തിനെതിരെ വിമര്‍ശം ഉന്നയിച്ചത്. നിയന്ത്രണങ്ങളില്‍ വീഴ്ച വരുത്തിയാല്‍ എന്താവും സംഭവിക്കുകയെന്ന് മറ്റുസംസ്ഥാനങ്ങള്‍ കേരളത്തെ നോക്കി മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com