കേരളത്തിലോടുന്ന ഒമ്പത് പാസഞ്ചറുകള്‍ എക്‌സ്പ്രസ് ട്രെയിനുകളാക്കും ; 5 ജോഡി തീവണ്ടികള്‍ റദ്ദാക്കും ; കേരള എക്‌സ്പ്രസ് സമയം മാറും

ലിങ്ക് ട്രെയിനുകള്‍ ഒഴിവാക്കുന്നതോടെ 5 ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം കൂടും
കേരളത്തിലോടുന്ന ഒമ്പത് പാസഞ്ചറുകള്‍ എക്‌സ്പ്രസ് ട്രെയിനുകളാക്കും ; 5 ജോഡി തീവണ്ടികള്‍ റദ്ദാക്കും ; കേരള എക്‌സ്പ്രസ് സമയം മാറും

ന്യൂഡല്‍ഹി : കേരളത്തിലോടുന്ന ഒമ്പത് പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസുകളാക്കി മാറ്റും. റെയില്‍വേ ടൈംടേബിള്‍ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി. 200 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളാണ് എക്‌സ്പ്രസാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

നാഗര്‍കോവില്‍-കോട്ടയം, കോയമ്പത്തൂര്‍-മംഗളൂരു, കോട്ടയം-നിലമ്പൂര്‍, പുനലൂര്‍-ഗുരുവായൂര്‍,തൃശൂര്‍-കണ്ണൂര്‍, കണ്ണൂര്‍-കോയമ്പത്തൂര്‍, മംഗളൂരു-കോഴിക്കോട്, മധുര-പുനലൂര്‍, പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി പാസഞ്ചര്‍ എന്നിവയാണ് പട്ടികയിലുള്ളത്. ഈ ട്രെയിനുകളുടെ ഹാള്‍ട്ട് സ്‌റ്റേഷനുകളിലെ സ്‌റ്റോപ്പുകളാണ് കേരളത്തില്‍ പിന്‍വലിക്കുന്ന സ്‌റ്റോപ്പുകളില്‍ ഏറെയും. 

യാത്രക്കാര്‍ കുറവുളള 5 ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കും. എറണാകുളം-കായംകുളം, തൃശൂര്‍-ഗുരുവായൂര്‍, എറണാകുളം-കായംകുളം മെമു, പുനലൂര്‍-കൊല്ലം പാസഞ്ചര്‍, ആലപ്പുഴ-കായംകുളം എന്നിവയാണ് റദ്ദാക്കുക. പാലക്കാട്-തിരുച്ചെന്തൂര്‍ പാസഞ്ചര്‍ മധുര വരെയാക്കി ചുരുക്കി. പാലക്കാടിനും പൊളളാച്ചിക്കും ഇടയില്‍ പാസഞ്ചറായും പൊളളാച്ചിക്കും മധുരയ്ക്കുമിടയില്‍ എക്‌സ്പ്രസുമായി സര്‍വീസ് നടത്തും. 

കേരളത്തില്‍ എക്‌സ്പ്രസ് ട്രെയിനുകളുടെ സ്‌റ്റോപ്പുകള്‍ കാര്യമായി കുറച്ചിട്ടില്ല. മയ്യനാട്, ഡിവൈന്‍ നഗര്‍ സ്‌റ്റോപ്പുകളാണ് പ്രധാനമായും ഒഴിവാക്കിയത്. ചെന്നൈ എഗ്മൂര്‍-കൊല്ലം എക്‌സ്പ്രസിന്റെ ഇടമണ്‍,തെന്‍മല സ്‌റ്റോപ്പുകളും തിരുനെല്‍വേലി-പാലക്കാട് പാലരുവിയുടെ ന്യൂ ആര്യന്‍കാവ്, തെന്‍മല സ്‌റ്റോപ്പുകളും പിന്‍വലിക്കും. ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ എറണാകുളം-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍ എന്നിങ്ങനെ രണ്ടാക്കും. 

മുംബൈ ഐഐടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ, ടൈംടേബിള്‍ ഉടച്ചു വാര്‍ക്കുന്നത്. എല്ലാ വര്‍ഷവും സ്‌റ്റോപ്പുകളും സര്‍വീസുകളും പുനപരിശോധിച്ചു നഷ്ടത്തിലായവ ഒഴിവാക്കും. ലിങ്ക് ട്രെയിനുകള്‍ ഒഴിവാക്കുന്നതോടെ 5 ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം കൂടും. എറണാകുളം-കാരയ്ക്കല്‍, ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍, കന്യാകുമാരി- കത്ര ഹിമസാഗര്‍ എക്‌സ്പ്രസ്, കൊച്ചുവേളി-ഡറാഡൂണ്‍, ധന്‍ബാദ്-ആലപ്പുഴ എന്നിവയിലെ കോച്ചുകളുടെ എണ്ണമാണ് കൂടുക. 2 മുതല്‍ 4 വരെ കോച്ചുകള്‍ ആദ്യഘട്ടത്തില്‍ കൂട്ടും. 

യാത്രക്കാര്‍ കുറവായതിനാല്‍ മംഗളൂരു-കത്ര നവയുഗ് എക്‌സ്പ്രസ് റദ്ദാക്കും. എറണാകുളം-ടാറ്റ പുതിയ സര്‍വീസ് ആരംഭിക്കും.       ടൈംടേബിള്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസിന്റെ സമയമാറ്റവും പരിഗണനയിലുണ്ട്. രാത്രിയില്‍ പുറപ്പെടുന്ന രീതിയില്‍ പുനക്രമീകരിക്കാനാണ് ശ്രമം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com