തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ ; സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

വിമാനത്താവളങ്ങള്‍ പാട്ടത്തിനു കൊടുക്കാന്‍ തീരുമാനിച്ചത് പൊതുജന താല്‍പ്പര്യാര്‍ത്ഥമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ ; സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി


കൊച്ചി : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് കൈമാറിയതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി എസ് ഡയസും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സംസ്ഥാന സര്‍ക്കാരിന് പുറമെ, വിവിധ സംഘടനകളുടേത് അടക്കം ഏഴോളം ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. എല്ലാ ഹര്‍ജികളും കോടതി തള്ളി. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സർക്കാർ ആണ് പൂർത്തിയാക്കിയത് എന്നതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.

ടെൻഡർ നടപടിയുമായി സഹകരിച്ചശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാനാകില്ല. ഒരു എയർപോർട്ടിന്റെ ലാഭം മറ്റൊരു എയർപോർട്ടിലേക്ക് ഉപയോഗിക്കാൻ പറ്റില്ലെന്ന വാദം ശരിയല്ലെന്നും കോടതി നീരിക്ഷിച്ചു. വിമാനത്താവളങ്ങള്‍ പാട്ടത്തിനു കൊടുക്കാന്‍ തീരുമാനിച്ചത് പൊതുജന താല്‍പ്പര്യാര്‍ത്ഥമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 

കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, ഇതില്‍ കോടതികള്‍ ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നത് വിശാലമായ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്നും, രാജ്യത്തെ നഷ്ടത്തിലായ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടും പരാജയപ്പെട്ടു എന്നും കേന്ദ്രം വാദിച്ചു. 

എന്നാല്‍ അദാനി ക്വോട്ട് ചെയ്ത തുകയ്ക്ക് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം കാണിച്ച് സംസ്ഥാനം കത്ത് നല്‍കിയിട്ടും കേന്ദ്രം അവഗണിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മുന്‍പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. മുന്‍പരിചയമുള്ള സര്‍ക്കാരിനെ അവഗണിച്ച്, സര്‍ക്കാരിന്റെ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് പൊതുതാല്‍പ്പര്യത്തിന് എതിരാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com