ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി ബിജു രമേശ് 

രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും
ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി ബിജു രമേശ് 

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി  കെ എം മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുളള ഐഗ്രൂപ്പ് നേതാക്കളും മറ്റു ചിലരുമാണെന്ന കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ, ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ് ആരോപിച്ചു. കെ എം മാണിക്കെതിരെ ഗൂഢാലോചന നടത്തിയവരുടെ കൂട്ടത്തില്‍ ബിജു രമേശുമുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആരോപണങ്ങള്‍ തളളിക്കൊണ്ട് ബിജു  രമേശ് രംഗത്തുവന്നത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചേര്‍ന്ന് ഗൂഡാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നെയും കുടുംബത്തെയും വേട്ടയാടി. ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കോടികളാണ് തനിക്ക് നഷ്ടമായതെന്നും ബാറുടമ കൂടിയായ ബിജു രമേശ് പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തില്‍ ഏത് കേന്ദ്ര ഏജന്‍സിയെ വെച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും. ആരോപണത്തിന് ശേഷം ചര്‍ച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവരുമായാണ്. കേസില്ലായിരുന്നുവെങ്കില്‍ കെ എം മാണി മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആരോപണത്തിന് ശേഷം പിസി ജോര്‍ജ്ജ് ഒരു തവണ വിളിച്ചു. തനിക്ക് സുകേശനെയോ ജേക്കബ് തോമസിനെയോ അറിയില്ലെന്നും ബിജു രമേശ് പ്രതികരിച്ചു.

പഴയ സർക്കാർ ഒരു കറവപശുവിനെ പോലെയാണ് ബിസിനസുകാരേയും മറ്റുമെല്ലാം കണ്ടിരുന്നത്. കിട്ടുന്നതെല്ലാം പിടിച്ച് വാങ്ങി. എന്നാൽ ഈ സർക്കാർ വന്ന ശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇനി ജോസ് കെ.മാണിയൊക്കെ മുന്നണിയിലേക്ക് വരുമ്പോൾ പഴയ രീതിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടി.

കെ.ബാബുവിന്റെ നിർദേശ പ്രകാരം പലർക്കും പണം വീതം വെച്ച് നൽകി. 50 ലക്ഷം രൂപ കെ ബാബുവിന്റെ ഓഫീസിൽ കൊണ്ടു നൽകി. ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിൽ നൽകി. 25 ലക്ഷം രൂപ വി എസ് ശിവകുമാറിന്റെ വീട്ടിലെത്തിച്ചുവെന്നും ബിജു രമേശ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com