ശിവശങ്കറിന്റെ ചികിത്സ: മെഡിക്കൽ ബോർഡ് യോ​ഗം നിർണായകം ; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും ; എതിർക്കാൻ കസ്റ്റംസ് തീരുമാനം

ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെയാണ് ശിവശങ്കറിന് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുന്നത്
ശിവശങ്കറിന്റെ ചികിത്സ: മെഡിക്കൽ ബോർഡ് യോ​ഗം നിർണായകം ; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും ; എതിർക്കാൻ കസ്റ്റംസ് തീരുമാനം

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജ്  ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ആരോ​ഗ്യസ്ഥിതി സംബന്ധിച്ച് വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം ചേരും. ഇതിനുശേഷമാകും തുടർചികിത്സ തീരുമാനിക്കുക.

അസ്ഥിരോഗവിഭാഗം ഐ.സി.യു.വിൽ കഴിയുന്ന ശിവശങ്കറിന് ശക്തമായ സുരക്ഷാസംവിധാനമാണ് ആശുപത്രി അധികൃതർ ഒരുക്കിയിട്ടുള്ളത്. ഡിസ്കിന് തകരാറല്ലാതെ, കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ശിവശങ്കറിന് ചികിത്സയുടെപേരിൽ സുരക്ഷിതതാവളം ഒരുക്കിയിരിക്കുകയാണെന്ന വിലയിരുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥർക്ക് കൈമാറിയത്. 

ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെയാണ് മുൻ ഐ ടി സെക്രട്ടറി കൂടിയായ ശിവശങ്കറിന് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുന്നത്.  ആശുപത്രിവാസത്തിലൂടെ ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് നേടുന്നതെന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം. വിശ്വസ്തരായ ജീവനക്കാരല്ലാതെ ആരെയും ഈഭാഗത്തേക്ക്‌ കടത്തിവിടുന്നില്ല.

അതിനിടെ ആശുപത്രിയിൽ കഴിയുന്ന ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഹർജി നൽകിയാൽ ശക്തമായി എതിർക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഇതിന്റെ ഭാ​ഗമായി കസ്റ്റംസ് വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com