'സിപിഎം കമ്മിറ്റി'; കള്ളക്കടത്തിന് ടെലിഗ്രാം ഗൂപ്പ് ; പിന്നില്‍ സന്ദീപ് നായരെന്ന് സരിത്തിന്റെ മൊഴി

സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത് എന്നും സരിത്ത് മൊഴിയില്‍ വ്യക്തമാക്കി
'സിപിഎം കമ്മിറ്റി'; കള്ളക്കടത്തിന് ടെലിഗ്രാം ഗൂപ്പ് ; പിന്നില്‍ സന്ദീപ് നായരെന്ന് സരിത്തിന്റെ മൊഴി

തിരുവനന്തപുരം: കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്ന് സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാണ് സരിത്ത് മൊഴി നല്‍കിയത്. 'സിപിഎം കമ്മിറ്റി' എന്ന പേരിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത് എന്നും സരിത്ത് മൊഴിയില്‍ വ്യക്തമാക്കി. 

ഈ ഗ്രൂപ്പില്‍ തന്നെയും സ്വപ്നയെയും റമീസിനെയും സന്ദീപ് ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം കെ ടി റമീസിനായിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് മൊഴിയില്‍ പറയുന്നു.

കേസില്‍ മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ഒളിവില്‍ പോകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ശിവശങ്കറിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റിയേക്കും. നടുവേദനയില്‍ വിദഗ്ദ ചികിത്സക്കുവേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്രപരിചണവിഭാഗത്തില്‍ ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നുമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. 

അതിനിടെ, സ്വപ്ന സുരേഷ് 1,90,000 രൂപ മൂല്യം വരുന്ന യുഎസ് ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ കസ്റ്റംസ് ഇന്ന് കൂടുതല്‍ തെളിവുകള്‍ കോടതിയ്ക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷ്, സരിത് എന്നിവരെ പ്രതികളാക്കി കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അനധികൃതമായി ഡോളര്‍ നല്‍കാന്‍ സ്വപ്‌നയാണ് ആദ്യം സമ്മര്‍ദ്ദം ചെലുത്തിയതെന്നും , വഴങ്ങാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നാലെ ശിവശങ്കര്‍ വിളിച്ചതായും ബാങ്ക് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com