'ഒരു തെറ്റും ചെയ്തിട്ടില്ല, ഇനി ഞാൻ എന്താ വേണ്ടെ, മരിക്കണോ', ജീവനൊടുക്കാൻ ശ്രമിച്ചതിന് മുമ്പ് സജ്നയുടെ ഫേസ്ബുക്ക് കുറിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th October 2020 08:55 AM |
Last Updated: 20th October 2020 08:59 AM | A+A A- |
ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് ട്രാൻസ്‌ജെൻഡർ സജ്ന ഷാജി. അമിതമായി ഗുളികകൾ ഉള്ളിൽ ചെന്ന നിലയിൽ ഇന്നലെ രാത്രിയാണ് സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വഴിയോരക്കച്ചവടം നടത്തുന്നതിനിടയിൽ ആക്രമിച്ചെന്ന സജ്നയുടെ വൈറലായ വിഡിയോ പണം തട്ടാനുള്ള നാടകമായിരുന്നെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ആത്മഹത്യാശ്രമം.
സജനയും സുഹൃത്തുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ടാണ് ബിരിയാണി വിൽപ്പനയ്ക്കിടെ ആക്രമണമുണ്ടായെന്ന് പറഞ്ഞത് തട്ടിപ്പാണെന്ന് ആരോപണമുയർന്നത്. ഓഡിയോ ക്ലിപ്പിൽ തന്റെ ഭാഗം വിശദീകരിച്ച് ഒരു കുറിപ്പ് സജന ഷാജി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഓഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും യഥാർത്ഥ്യ വസ്തുത മനസിലാക്കാതെയാണ് പലരും തന്നെ അവഹേളിക്കുന്നതെന്നും സജ്ന പറയുന്നു.
സജ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്
വളരെയേറെ വിഷമത്തോടെയാണ് ഞാനീ കുറിപ്പ് എഴുതുന്നത്, എന്നെ സ്നേഹിക്കുന്ന വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സന്നദ്ധസംഘടന നേതാക്കളോടും, സുഹൃത്തുക്കളോടും, വിവിധ ദൃശ്യമാദ്ധ്യമങ്ങളോടുമായി വീണ്ടും പറയുന്നു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ഇന്ന് എന്റെ വോയിസ് ക്ലിപ്പ് എഡിറ്റ് ചെയ്ത് ഒരു പറ്റം സമൂഹമാദ്ധ്യമങ്ങൾ എന്നെ ആക്ഷേപിക്കുകയുണ്ടായി, അതിന്റെ പരിപൂർണ സത്യം എന്തെന്ന് അറിയാതെയാണ് സമൂഹത്തിൽ തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നരീതിയിൽ വോയിസ് സന്ദേശം പ്രചരിപ്പിക്കുന്നത്, തന്നെ നിരന്തരം ആക്ഷേപിക്കുക മാത്രമാണ് അവരുടെ ഉദ്ദേശം, ഞാൻ അത്തരം സംഭാഷണം നടത്തി എന്നത് ശരിയാണ് അത് ഞാൻ നിക്ഷേധിക്കുന്നില്ല എന്നാൽ മുഴുവൻ വശം അറിയാതെ ഏതാനും ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരണം നടക്കുന്നത്, തന്നെ പോലെ തന്നെ കഷ്ടതകൾ അനുഭവിക്കുന്ന സഹപ്രവർത്തകയ്ക്ക് തനിക്ക് കിട്ടുന്നതിൽ നിന്നും സഹായം ചെയ്യാമെന്ന് കരുതിയാണ് പറഞ്ഞത് സഹായിക്കാൻ കാണിച്ച മനസ്സിനെയാണ് നിങ്ങൾ കരയിച്ചത്, ഇനി ഞാൻ എന്താ വേണ്ടേ മരിക്കണോ, അപ്പോഴും സമൂഹത്തോട് ഒന്നേ ചോദിക്കാനുള്ളൂ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ആരെയും ആശ്രയിക്കാതെ സ്വയം തൊഴിൽ ചെയ്ത് കൂടെയുള്ളവർക്ക് തൊഴിലും നൽകി, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആഹാരവും നൽകിയാണ് ജീവിതം മുന്നോട്ട് പോകുന്നത് സ്വന്തമായി വീടില്ല, വാടകയ്ക്കാണ് കഴിയുന്നത്, ഒരു അപേക്ഷയുണ്ട് എന്നെ സഹായിക്കേണ്ട പക്ഷെ ഉപദ്രവിക്കരുത്, ഞാനും മനുഷ്യസ്ത്രീയാണ്, സമൂഹത്തിൽ എനിക്കും ജീവിക്കാൻ അവകാശമില്ലേ?