പ്രായം തളര്‍ത്താത്ത കമ്യൂണിസ്റ്റ് ; വി എസ് @97

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നേതാവാണ് വി എസ്
പ്രായം തളര്‍ത്താത്ത കമ്യൂണിസ്റ്റ് ; വി എസ് @97

തിരുവനന്തപുരം : ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവിന് ഇന്ന് 97 -ാം പിറന്നാള്‍. രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം 80 വര്‍ഷവും കൂടെ നടന്ന ഒരാളേ ഇന്നുള്ളൂ. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നേതാവാണ് വി എസ്. 

കുറച്ചുനാള്‍ മുമ്പുണ്ടായ അസുഖത്തെയും, കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തില്‍ ഇത്തവണ വീട്ടുകാര്‍ക്കൊപ്പം ലളിതമായാകും വിഎസിന്റെ പിറന്നാള്‍ ആഘോഷം. കഴിഞ്ഞ ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയേണ്ടി വന്ന വിഎസിനു പൂര്‍ണ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ആശുപത്രി വിട്ട ശേഷം അച്യുതാനന്ദന്‍ സ്വതസിദ്ധമായ അതിജീവന രീതിയിലൂടെ സാധാരണ ജീവിതത്തിലേക്ക് ഏറെക്കുറെ മടങ്ങിയെത്തിയിട്ടുണ്ട്. 

കേരളത്തിലെ കര്‍ഷക തൊഴിലാളി സമരങ്ങള്‍ പിറവിയെടുത്ത ആലപ്പുഴയിലെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923ല്‍ ഒക്‌ടോബര്‍ 20നാണ് വി എസിന്റെ ജനനം. നാല് വയസുളളപ്പോള്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് വിഎസിനെ വളര്‍ത്തിയത്. പതിനൊന്നാം വയസില്‍ അച്ഛനും നഷ്ടപ്പെട്ടതോടെ ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി. ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയില്‍ കുറേക്കാലം ജോലി ചെയ്തു. 

തുടര്‍ന്ന് കയര്‍ ഫാക്ടറിയിലേക്ക്. ഇവിടെ നിന്നാണ് വിഎസിലെ നേതാവ് ജനിക്കുന്നത്. നിവര്‍ത്തന പ്രക്ഷോഭം കൊടുംപിരിക്കൊണ്ടിരുന്ന കാലത്ത് 1938ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. രണ്ട് വര്‍ഷത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത വിഎസ് പൂര്‍ണമായും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി. സിപിഎം സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, കേരള മുഖ്യമന്ത്രി തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com