സിബിഐക്കു തിരിച്ചടി; ലൈഫ് മിഷന്‍ കേസില്‍ സ്റ്റേ നീക്കില്ല, വേഗം പരിഗണിക്കണമെന്ന ആവശ്യം തള്ളി

എതിര്‍ സത്യവാങ്മൂലം തയാറായിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ പബ്ലിസിറ്റിക്കായാണോ കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് കോടതി ആരാഞ്ഞു
സിബിഐക്കു തിരിച്ചടി; ലൈഫ് മിഷന്‍ കേസില്‍ സ്റ്റേ നീക്കില്ല, വേഗം പരിഗണിക്കണമെന്ന ആവശ്യം തള്ളി

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തിന് ഭാഗികമായി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് വ്യ്ക്തമാക്കി.

കോടതി ഉത്തരവു പ്രകാരമുള്ള ഭാഗിക സ്‌റ്റേ അന്വേഷണത്തിനു തടസ്സമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ അപേക്ഷ നല്‍കിയത്. ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു മാസത്തെ ഭാഗിക സ്‌റ്റേയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഏര്‍പ്പെടുത്തിയത്. ലൈഫ് മിഷന്‍ സിഇഒ യുവി ജോസ് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്. ലൈഫ് മിഷനെതിരായ അന്വേഷണം സ്‌റ്റേ ചെയ്തതിനൊപ്പം നിര്‍മാണ കമ്പനിയായ യൂണിടാക്കിന് എതിരെ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ലൈഫ് മിഷനെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കിയതിലൂടെ കേസില്‍ മുന്നോട്ടുപോവാനാവുന്നില്ലെന്നാണ് ഹര്‍ജിയില്‍ സിബിഐ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. എതിര്‍ സത്യവാങ്മൂലം തയാറായിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ പബ്ലിസിറ്റിക്കായാണോ കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് കോടതി ആരാഞ്ഞു. 

ലൈഫ് മിഷന്‍ ഇടപാടില്‍ വിദേശ സംഭാവനാ ചട്ടത്തിന്റെ (എഫ്‌സിആര്‍എ) ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസില്‍ എഫ്‌സിആര്‍എ നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ വാദിച്ചു. ഇതു പരിഗണിച്ചാണ് അന്വേഷണം സ്‌റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവ്. കേസില്‍ എഫ്‌സിആര്‍എ ബാധകമാവുമെന്നു സ്ഥാപിക്കാന്‍ സിബിഐയ്ക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com