സ്വീകരണത്തിൽ ഹാരം, ബൊക്കെ, ഷാൾ പാടില്ല ; ഭവനസന്ദർശനത്തിന് അഞ്ചുപേർ, കൊട്ടിക്കലാശം വേണ്ട ; തദ്ദേശ തെരഞ്ഞെടുപ്പിന് മാർ​ഗനിർദേശങ്ങളായി

നോട്ടീസ്, ലഘുലേഖ തുടങ്ങിയവ ഒഴിവാക്കി പരമാവധി സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം
സ്വീകരണത്തിൽ ഹാരം, ബൊക്കെ, ഷാൾ പാടില്ല ; ഭവനസന്ദർശനത്തിന് അഞ്ചുപേർ, കൊട്ടിക്കലാശം വേണ്ട ; തദ്ദേശ തെരഞ്ഞെടുപ്പിന് മാർ​ഗനിർദേശങ്ങളായി


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 3 പേര്‍ മാത്രമേ പാടുള്ളു. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കി സ്വീകരിക്കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

നോമിനേഷന്‍ സമര്‍പ്പിക്കുന്നവര്‍ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം. നോമിനേഷന്‍ സമര്‍പ്പിക്കുമ്പോള്‍ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും വേണം. നോമിനേഷന്‍ സ്വീകരിക്കുന്നതിന് സൗകര്യപ്രദമായ ഹാള്‍ ഒരുക്കേണ്ടതും ഒരു സമയം ഒരു സ്ഥാനാര്‍ഥിയുടെ ആളുകള്‍ക്ക് മാത്രം ഹാളില്‍ പ്രവേശനം അനുവദിക്കേണ്ടതുമാണ്. 

ആവശ്യമെങ്കില്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് മുന്‍കൂറായി സമയം (ടൈം സ്ലോട്ട്) അനുവദിക്കാം. വരണാധികാരി/ഉപവരണാധികാരി പത്രിക സ്വീകരിക്കുന്ന വേളയില്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിച്ചിരിക്കണം. സെക്യൂരിറ്റി നിക്ഷേപം ട്രഷറിയിലോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലോ ഒടുക്കിയതിന്റെ ചെല്ലാന്‍/രസീത് ഹാജരാക്കാം.

നോമിനേഷന്‍ സമര്‍പ്പിക്കാന്‍ വരുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഒരു വാഹനം മാത്രമേ പാടൂള്ളൂ. സ്ഥാനാര്‍ഥിയോടൊപ്പം ആള്‍ക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല. കണ്ടൈയിന്‍മെന്റ് സോണികളിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ മുന്‍കൂട്ടി അറിയിച്ച് വേണം നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഹാജരാകേണ്ടത്. അവര്‍ക്ക് പ്രത്യേക സമയം അനുവദിക്കേണ്ടതും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചു പേര്‍ മാത്രം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വേണം സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഭവനസന്ദര്‍ശനം നടത്തേണ്ടത്.  റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി 3 വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.

ജാഥ, ആള്‍ക്കൂട്ടം,കൊട്ടിക്കലാശം എന്നിവ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കേണ്ടതാണ്. പൊതു യോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളൂ. പൊതു യോഗങ്ങള്‍ നടത്തുന്നതിന് പൊലീസിന്റെ മുന്‍കൂര്‍ അനുമതി വേണം. നോട്ടീസ്, ലഘുലേഖ തുടങ്ങിയവ ഒഴിവാക്കി പരമാവധി സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം.

പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം പാടില്ല. പ്രചാരണ ജാഥകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ പ്രചരണ രംഗത്ത് നിന്നും മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമെ തുടര്‍പ്രവര്‍ത്തനം പാടുള്ളൂ എന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com