ഉപവാസ സമരത്തിനിടെ കയ്യാങ്കളി; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കയ്യേറ്റം ചെയ്ത് കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസിന്റെ ഉപവാസ സമരത്തില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി
എം എ വാഹിദിനെ അഖില്‍ ഷോള്‍ അണിയിക്കുന്നു
എം എ വാഹിദിനെ അഖില്‍ ഷോള്‍ അണിയിക്കുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഉപവാസ സമരത്തില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. കഴക്കൂട്ടത്തെ യാത്രാ ദുരിതത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എം എ വാഹിദ് നടത്തിയ ഉപവാസ സമരത്തിനിടെയാണ് നാടീയ രംഗങ്ങള്‍ അരങ്ങേറിയത്. വാഹിദിനെ ഷാള്‍ അണിയിക്കാനായി സമര വേദിയിലേക്ക് എത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവും കേരള സര്‍വകലാശാല മുന്‍ സിന്‍ഡികേറ്റ് മെമ്പറുമായ ജെ എസ് അഖിലിനെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അണ്ടൂര്‍കോണം സനല്‍കുമാര്‍ കൈയേറ്റം ചെയ്തു.

ഉപവാസ സമരവേദിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ എസ് ഗോപകുമാര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. വേദിയിലേക്ക് വാഹിദിനെ ഷാള്‍ അണിയിക്കാനായി അഖില്‍ കയറിവന്നപ്പോള്‍ അസഭ്യം പറഞ്ഞ് സനല്‍കുമാര്‍ തള്ളി നീക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌റ്റേജില്‍ നിന്ന് പുറത്തുപോണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഈ സമത്ത് താങ്കളെ കാണാനല്ല എം എ വാഹിദിനെ കാണാനാണ് എത്തിയതെന്ന് അഖില്‍ പറഞ്ഞു. സംഭവം കൈവിട്ട് പോകാതിരിക്കാന്‍ ഡിസിസി ജനറല്‍ സെക്രട്ടറി സുബൈര്‍ കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തിലേക്ക് അഖിലിന്റെ പേര് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മണ്ഡലത്തില്‍ എംഎ വാഹിദ് മത്സരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അഖില്‍ സമര സ്ഥലത്തേക്ക് എത്തിയ സമയത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. ഇതാണ് സനല്‍കുമാറിനെ ചൊടിപ്പിച്ചതെന്നാണ് വിവരം.

പ്രശ്‌നങ്ങള്‍ അധികം വഷളാകാതിരിക്കാന്‍ അവിടെനിന്ന് മാറിയ അഖില്‍ ഡിസിസിക്കും, കെപിസിസിക്കും പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ചെറുപ്പക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കഴക്കൂട്ടത്ത് കാലങ്ങളായി അവഗണന നിലനില്‍ക്കുന്നുണ്ടെന്ന ആരോപണങ്ങളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com