കുമ്മനം സംശുദ്ധ രാഷ്ട്രീയത്തിന് ഉടമ; സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാക്കിയത് സര്‍ക്കാര്‍ ഗൂഢാലോചന: കെ സുരേന്ദ്രന്‍

ആറന്‍മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരനെ പ്രതിയാക്കിയത് സംസ്ഥാന സര്‍ക്കാരിന്റ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
കുമ്മനം സംശുദ്ധ രാഷ്ട്രീയത്തിന് ഉടമ; സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാക്കിയത് സര്‍ക്കാര്‍ ഗൂഢാലോചന: കെ സുരേന്ദ്രന്‍


കൊച്ചി:ആറന്‍മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരനെ പ്രതിയാക്കിയത് സംസ്ഥാന സര്‍ക്കാരിന്റ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയെ തകര്‍ക്കാനാണ് ശ്രമം. കേസ് രാഷ്ട്രീയമായും നിയപരവുമായും പാര്‍ട്ടി നേരിടും. കുമ്മനം രാജശേഖരന്‍ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയാണെന്നും പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതി അംഗമാകാന്‍ കുമ്മനം യോഗ്യനാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പുതുതായി തുടങ്ങുന്ന പേപ്പര്‍ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ആറന്മുള സ്വദേശി ഹരികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുമ്മനവും മുന്‍പിഎ പ്രവീണും ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് പരാതി.

പണം തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് ആറന്മുള പൊലീസ് അറിയിച്ചു. പണം വാങ്ങിയ ശേഷം കമ്പനി തുടങ്ങാന്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇത് സംബന്ധിച്ച് പലതവണ കുമ്മനത്തിനെയും പ്രവീണിനെയും കണ്ടിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പരാതി നല്‍കിയത് എന്ന് ഹരികൃഷ്ണന്‍ വ്യക്തമാക്കി. 

അതേസമയം, തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ്കേസില്‍ തന്നെ പ്രതിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

കേസിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമം. അത്തരമൊരു കമ്പനി തുടങ്ങുന്നതായി പറഞ്ഞിട്ടുണ്ടെന്നും പണം ഇടപാടിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും കുമ്മനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com