കെഎസ്ആര്‍ടിസിക്ക് 360 പുതിയ ബസുകള്‍; 286.50 കോടിയുടെ അനുമതി

കെഎസ്ആര്‍ടിസിക്ക് 360 പുതിയ ബസുകള്‍; 286.50 കോടിയുടെ അനുമതി
കെഎസ്ആര്‍ടിസിക്ക് 360 പുതിയ ബസുകള്‍; 286.50 കോടിയുടെ അനുമതി

തിരുവനന്തപുരം: പുതിയ 360 ബസുകള്‍ വാങ്ങാനൊരുങ്ങി കെഎസ്ആര്‍ടിസി. ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പ്  അനുമതി നല്‍കി. ഫാസ്റ്റ് പാസഞ്ചര്‍ (50 എണ്ണം, വൈദ്യുതി), സൂപ്പര്‍ ഫാസ്റ്റ് (310 എണ്ണം, സിഎന്‍ജി) ബസുകളാണ് വാങ്ങുന്നത്. ഇതിനായി 286.50 കോടിയുടെ അനുമതി സര്‍ക്കാര്‍ നല്‍കി. 

27.50 കോടി രൂപ (50 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിന്) കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡി ലഭിക്കും. ശേഷിക്കുന്ന തുകയായ 259 കോടി രൂപ കിഫ്ബിയില്‍ നിന്ന് നാല് ശതമാനം പലിശ നിരക്കിലുള്ള വായ്പ ആണു ലഭിക്കുക. ധനമന്ത്രി ടിഎം തോമസ് ഐസക് ചെയര്‍മാനായ കിഫ്ബി ബോര്‍ഡ് നേരത്തെ കെഎസ്ആര്‍ടിസിക്ക് തുക അനുവദിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. 

തിരുവനന്തപുരത്തെ ഹരിത നഗരമാക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് വര്‍ഷത്തിനകം സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് ബസുകള്‍ എന്നിവ തിരുവനന്തപുരത്ത് പൂര്‍ണമായി നടപ്പിലാക്കാനാണു ശ്രമം. ഇതിനായി ആനയറയില്‍ സിഎന്‍ജി പമ്പ് തുറന്നു. മറ്റു സ്ഥലങ്ങളില്‍ പമ്പ് ആരംഭിക്കുന്നതിനു വേണ്ടി എണ്ണക്കമ്പനികള്‍ പഠനം നടത്തി വരികയാണ്. 

എല്‍എന്‍ജിയുടെ വില വിപണിയില്‍ വളരെ കുറവാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 44 രൂപയ്ക്കാണ് 1 കിലോ എല്‍എന്‍ജി നല്‍കുന്നത്. സിഎന്‍ജിയുടെ വില 57.3 രൂപയും. ഡീസല്‍ വാങ്ങുന്നതിനു ലിറ്ററിനു 71 രൂപ വരെയാണു നല്‍കേണ്ടി വരുന്നത്. പുതിയ രീതിയിലേക്കു മാറിയാല്‍ ഏകദേശം 30 ശതമാനത്തിനകത്ത് സാമ്പത്തികം ലാഭിക്കാമെന്ന് കെഎസ്ആര്‍ടിസി കണക്കു കൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com