പുറത്ത് ഖദറാണെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയും;എം എം മണി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി
പുറത്ത് ഖദറാണെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയും;എം എം മണി


തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. രാഹുല്‍ഗാന്ധി ആയാലും സത്യം പറയാനാണെങ്കില്‍ കേരളത്തില്‍ വരേണ്ട എന്നാണ് ചെന്നിത്തലയുടെ ആവശ്യം എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'പുറത്ത് ഇത്തിരി ഖദറൊക്കെ ധരിച്ചിട്ടുണ്ടെങ്കിലും ഉള്ളില്‍ നിറയെ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയും' എന്നും മന്ത്രി കുറിച്ചു. 

വയനാട് സന്ദര്‍ശന വേളയില്‍ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച രാഹുല്‍ ഗാന്ധി, പ്രാദേശിക വിഷയങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇവിടെ നേതാക്കളുണ്ട്. രാഹുല്‍ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞത് അഭിനന്ദനമായി കാണേണ്ടതില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചെന്നിത്തലയ്ക്ക് എതിരെ എം എം മണിയുടെ കുറിപ്പ് ഇങ്ങനെ


അതുകൊണ്ടരിശം തീരാഞ്ഞിട്ട് ......
ചെന്നിത്തലയുടെ ഇന്നത്തെ പ്രസ്താവന കണ്ടാല്‍ പിന്നെന്താണ് പറയുക. ശ്രീമാന്‍ രാഹുല്‍ഗാന്ധി ആയാലും സത്യം പറയാനാണെങ്കില്‍ കേരളത്തില്‍ വരണ്ട എന്നാണ് ചെന്നിത്തലജിയുടെ ആവശ്യം. പുറത്ത് ഇത്തിരി ഖദറൊക്കെ ധരിച്ചിട്ടുണ്ടെങ്കിലും ഉള്ളില്‍ നിറയെ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയും. ഉണ്ടായ സംഗതി നിസ്സാരമാണ്. കേരളത്തില്‍ വന്ന രാഹുല്‍ ഗാന്ധി കണ്ടത് കണ്ടതുപോലെ പറഞ്ഞു: കേരളത്തിലെ കോവിഡ് പ്രതിരോധം മാതൃകാപരമാണെന്ന്.

ഇവിടെ ചെന്നിത്തലയും കൂട്ടരും ബിജെപിക്കൊപ്പം ലീഗ്, ജമാ അത്തെ കക്ഷികളെയൊക്കെ കൂട്ടി കലാപത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി പണി പറ്റിച്ചത്.

എന്തായാലും ചെന്നിത്തല ചൂടിലാണ്. അരിശം തീരാതെ ബഹളം വയ്ക്കുന്നുമുണ്ട്. പ്രതിപക്ഷനേതാവ് എന്ന സ്ഥാനമെങ്കിലും നിലനിര്‍ത്തിപ്പോകാന്‍ പെടേണ്ട പാട് രാഹുല്‍ഗാന്ധിക്ക് അറിയില്ലല്ലോ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com