വോട്ട് ബാങ്കിന് വേണ്ടി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് ഭരണഘടന അടിത്തറ തകര്‍ക്കല്‍; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

മുന്നോക്ക വിഭാഗങ്ങളുടെ വോട്ടു ബാങ്ക് ലക്ഷ്യമാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് സംവരണത്തിന്റെ ഭരണഘടന അടിത്തറ തകര്‍ക്കലാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
വോട്ട് ബാങ്കിന് വേണ്ടി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് ഭരണഘടന അടിത്തറ തകര്‍ക്കല്‍; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: മുന്നോക്ക വിഭാഗങ്ങളുടെ വോട്ടു ബാങ്ക് ലക്ഷ്യമാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് സംവരണത്തിന്റെ ഭരണഘടന അടിത്തറ തകര്‍ക്കലാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ചെയ്യേണ്ടത് മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുക എന്നതാണ്. മറിച്ച് സംവരണ തത്വത്തില്‍ വെള്ളം ചേര്‍ക്കുന്നത് സാമൂഹിക നീതി അട്ടിമറിക്കുന്നതിന് തുല്യമാണ് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

സര്‍ക്കാര്‍ ജോലിയില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കാന്‍ ചട്ടഭേദഗതിക്കു മന്ത്രിസഭയോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് മാര്‍ കൂറിലോസ് വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റു സംവരണങ്ങളൊന്നും ഇല്ലാത്തവരുമായ മുന്നാക്ക വിഭാഗക്കാര്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നതിനായി കേരള സ്‌റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് ചട്ടമാണു ഭേദഗതി ചെയ്യുക. 

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ കുറിപ്പ് ഇങ്ങനെ


വീണ്ടും പറയാതെ വയ്യ

പല പ്രാവശ്യം പറഞ്ഞതാണ്. ഭാരതത്തിന്റെ അടിസ്ഥാന പ്രശ്‌നം ജാതിയില്‍ കേന്ദ്രീകൃതമായ ശ്രേണീ ബദ്ധ സാമൂഹിക അസമത്വമാണ്. സാമ്പത്തിക അസമത്വം പോലും സാമൂഹിക അസമത്വത്തിന്റെ ഭാഗമാണ്. ഇതാണ് ഇന്ത്യന്‍ സാമൂഹിക അവസ്ഥയെ കുറിച്ച് അംബേദ്കറും മാര്‍ക്‌സും തമ്മിലുള്ള പ്രധാന ഭിന്നത. ഇന്ത്യയില്‍ ജാതിയാണ് വര്‍ഗ്ഗം എന്ന് അംബേദ്കര്‍ വാദിച്ചു; മാര്‍ക്‌സ് അത് മനസ്സിലാക്കിയില്ല. ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകളും അംബേദ്കറിനെ ഗൗരവമായി എടുത്തില്ല. (അതുകൊണ്ടാണ് മാര്‍ക്‌സിസത്തിന് ഇന്ത്യയില്‍ ഉടനീളം പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വേരുകള്‍ ഇല്ലാത്തത് ) . പറഞ്ഞു വരുന്നത് സംവരണത്തെ കുറിച്ചാണ്. ജാതിയ അസമത്വം സമൂഹപരമാണ്, വൈയക്തികമല്ല. ദളിത് സമൂഹത്തിലെ ഒന്നോ രണ്ടോ പേര്‍ സാമ്പത്തികമായി ഉയര്‍ച്ച നേടിയാലും അത് ആ സമൂഹത്തിന്റെ ആകമാനമായ സാമ്പത്തിക ഉയര്‍ച്ച ആകുന്നില്ല. അതുകൊണ്ടാണ് സംവരണത്തിന് സാമ്പത്തിക മാനത്തിന് പകരം സാമൂഹിക മാനദണ്ഡം (ജാതി) അടിസ്ഥാനമാക്കി ഡോ. അംബേദ്കര്‍ ഭരണഘടനയില്‍ ചേര്‍ത്തത്. എന്നാല്‍ മുന്നോക്ക വിഭാഗങ്ങളുടെ വോട്ടു ബാങ്ക് ലക്ഷ്യമാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് സംവരണത്തിന്റെ ഭരണഘടന അടിത്തറ തകര്‍ക്കലാണ്. ചെയ്യേണ്ടത് മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുക എന്നതാണ്. മറിച്ച് സംവരണ തത്വത്തില്‍ വെള്ളം ചേര്‍ക്കുന്നത് സാമൂഹിക നീതി അട്ടിമറിക്കുന്നതിന് തുല്യമാണ്. വീണ്ടും ആവര്‍ത്തിക്കട്ടെ; ഇന്ത്യയില്‍ ഒരു ജനാധിപത്യ വിപ്ലവം (സാമൂഹിക ജനാധിപത്യം ) സാധ്യമാകണമെങ്കില്‍ അംബേദ്കറിനെ ഗൗരവമായി എടുത്തേ പറ്റു. അംബേദ്കറും മാര്‍ക്‌സും സമന്വയിക്കുന്ന നീല്‍സലാം ലാല്‍ സലാം മുന്നേറ്റം ഇന്ത്യയില്‍ അവശ്യമാണ്. ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ അത് ഇനിയും മനസ്സിലാകുന്നില്ലങ്കില്‍ നമ്മുടെ രാജ്യത്ത് ഈ ആശയവും പ്രസ്ഥാനവും തീരെ ഇല്ലാതാവും. അതു പക്ഷേ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു ദുരന്തവുമായിരിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com