സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സാമ്പത്തിക സംവരണം; വിജ്ഞാപനം ഒരാഴ്ചക്കുള്ളില്‍ 

കെഎഎസ് നിയമനത്തിനടക്കം സാമ്പത്തിക സംവരണം ഉറപ്പാക്കാൻ വിജ്‍ഞാപനത്തിനു മുൻകാല പ്രാബല്യം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്
സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സാമ്പത്തിക സംവരണം; വിജ്ഞാപനം ഒരാഴ്ചക്കുള്ളില്‍ 


തിരുവനന്തപുരം: സർക്കാർ ജോലിയിൽ 10%  സാമ്പത്തിക സംവരണം നൽകുന്ന ചട്ടഭേദഗതിക്കു മന്ത്രിസഭ തീരുമാനം.  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റു സംവരണങ്ങളൊന്നും ഇല്ലാത്തവരുമായ മുന്നാക്ക വിഭാഗക്കാർക്കു സംവരണം ഏർപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് ചട്ടമാണു ഭേദഗതി ചെയ്യുക. 

വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതലാണു സാമ്പത്തിക സംവരണത്തിന് പ്രാബല്യം വരിക. ഒരാഴ്ചയ്ക്കകം വിജ്ഞാപനം വന്നേക്കും. നിയമ വകുപ്പിന്റെ അം​ഗീകാരം ലഭിക്കുന്ന മുറയ്ക്കാവും വിജ്ഞാപനം. കെഎഎസ് നിയമനത്തിനടക്കം സാമ്പത്തിക സംവരണം ഉറപ്പാക്കാൻ വിജ്‍ഞാപനത്തിനു മുൻകാല പ്രാബല്യം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ഇനി ക്ഷണിക്കുന്ന അപേക്ഷകൾക്കു മാത്രമാണോ, പ്രസിദ്ധീകരിക്കാനിരിക്കുന്ന റാങ്ക് പട്ടികകൾക്കും കൂടി ഈ സംവരണം ബാധകമാക്കണോ എന്നു വിജ്ഞാപനം ഇറങ്ങുമ്പോഴാകും വ്യക്തത വരിക. ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രം 2019 ജനുവരിയിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 10% സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു.

റിട്ട ജഡ്ജി കെ ശശിധരൻ നായർ കമ്മിഷന്റെ ശുപാർശകൾ കണക്കിലെടുത്താണ് സംവരണത്തിനുള്ള അർഹതാ മാനദണ്ഡങ്ങളും നിശ്ചയിച്ചത്. 
ഹയർ സെക്കൻഡറി, വൊക്കേഷനൻ ഹയർ സെക്കൻഡറി, പ്രഫഷനൽ കോളജുകൾ, ദേവസ്വം ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ സാമ്പത്തിക സംവരണം നടപ്പാക്കുകയും ചെയ്തു. എന്നാൽ, സംവരണം നടപ്പാക്കാൻ ഉത്തരവിറക്കിയിട്ടും ചട്ടഭേദഗതി വിജ്ഞാപനം ചെയ്യാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com