കാസര്‍കോട്ടെ ടാറ്റാ ആശുപത്രി ഉടന്‍ തുറക്കണം, ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്; മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സമരം തുടങ്ങും
കാസര്‍കോട്ടെ ടാറ്റാ ആശുപത്രി ഉടന്‍ തുറക്കണം, ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്; മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിര്‍മ്മിച്ച ടാറ്റാ ആശുപത്രി ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സമരം തുടങ്ങും. രാവിലെ 10 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓണ്‍ലൈനായി സമരം ഉദ്ഘാടനം ചെയ്യുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

കാസര്‍കോടിന്റെ ആരോഗ്യ മേഖലയിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ പതിയാന്‍ തന്റെ ജീവന്‍ ബലിദാനം ചെയ്യാന്‍ വരെ തയ്യാറാണ്. 541 കിടക്കകള്‍ ഒരുക്കി ടാറ്റാ ആശുപത്രി പ്രവര്‍ത്തന സജ്ജമാകാന്‍ അധികം താമസമില്ലെന്നാണ് ആരോഗ്യ മന്ത്രി ആവര്‍ത്തിച്ച് പറയുന്നത്. ഈ ആശുപത്രിയിലേക്ക് നിയമനം നടത്തുന്നതിനുള്ള തസ്തികയായി. എന്നാല്‍ നിയമനം നടന്നില്ല. കളക്ടറുടെ ഫണ്ടില്‍ 10 കോടി രൂപ ദുരന്ത നിവാരണ തുകയായി കിടപ്പുണ്ട്. ഇതില്‍ രണ്ടരക്കോടിയാണ് ടാറ്റാ ആശുപത്രിയില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ നീക്കിവച്ചത്. ഇതിനുള്ള അനുമതി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. 

ജില്ലയില്‍ 168 കോവിഡ് ബാധിതര്‍ മരിച്ചു. പതിനേഴായിരത്തിലധികം പേര്‍ക്ക് വൈറസ് ബാധിച്ചു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു. ജനങ്ങളോടുള്ള വഞ്ചന തുടരുകയാണെന്നും എം പി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com