ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്ക്, മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി വച്ച് സ്വര്‍ണക്കടത്തിനെ സഹായിച്ചു; ഇഡി ഹൈക്കോടതിയില്‍

ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനു സഹായിക്കാന്‍ ഉപയോഗിച്ചുവെന്ന്, ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇഡി പറഞ്ഞു. ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചു.

സ്വപ്‌നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് ഇഡിക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കള്ളപ്പണം വെളിപ്പിക്കുന്നതിനു ശിവശങ്കര്‍ സഹായം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ ഉപയോഗിച്ചു. കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ ശിവശങ്കര്‍ കസ്റ്റംസ് അധികൃതരെ വിളിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ഇഡി ആവശ്യപ്പെട്ടു.

തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. ആരോപണങ്ങള്‍ തന്റെ സ്വകാര്യ, ഔദ്യോഗിക ജീവിതത്തെ ബാധിച്ചു. താന്‍ ഒറ്റപ്പെട്ടവനും വെറുക്കപ്പെട്ടവനുമായി മാറി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം വസ്തുതാപരമല്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലാത്തിനാല്‍ അറസ്റ്റ് ചെയ്യുമെന്ന ആശങ്ക വേണ്ടെന്ന്, കസ്റ്റംസ് കോടതിയെ അറിയിച്ചു. ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നും കസ്റ്റംസ് അഭിഭാഷകന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com