നാവിലെഴുതുന്ന സ്വര്‍ണം അണുവിമുക്തമാക്കണം; അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്;  വിദ്യാരംഭ മാര്‍ഗനിര്‍ദേശങ്ങള്‍

വിദ്യാരംഭവുമായി ബന്ധപ്പെട്ട് ഒഴിവാക്കാനാവാത്ത ചടങ്ങുകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
നാവിലെഴുതുന്ന സ്വര്‍ണം അണുവിമുക്തമാക്കണം; അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്;  വിദ്യാരംഭ മാര്‍ഗനിര്‍ദേശങ്ങള്‍


തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദ്യാരംഭ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 
ജനങ്ങള്‍ ഒത്തുകൂടിയാല്‍ കോവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഈ പൂജാനാളുകളില്‍ ഏറെ ജാഗ്രത വേണം. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന അവസ്ഥയാണുള്ളത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കോവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തും. അതിനാല്‍ വിദ്യാരംഭം വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതമെന്ന്  മന്ത്രി പറഞ്ഞു.

മുമ്പുള്ള പൂജാ ദിനങ്ങള്‍ പോലെയല്ല ഇത്തവണത്തേത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളും കോവിഡ് ഭീഷണിയിലാണ്. ആകെയുള്ള കോവിഡ് രോഗികളുടെ എണ്ണം കുറവുള്ള ജില്ലകളില്‍ പോലും 60 വയസിന് മുകളിലുള്ളവരില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ഈ സാഹചര്യത്തില്‍ പൂജവയ്പ്പ്, വിദ്യാരംഭം ചടങ്ങുകളോടനുബന്ധിച്ചുള്ള ഒത്തുകൂടലുകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നവരാത്രി ഉത്സവ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്.

വിദ്യാരംഭവും ബൊമ്മഗൊലുവുമായും ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങള്‍ ചേര്‍ന്നുള്ള സുരക്ഷിതമായ ക്ലസ്റ്ററുകളിലോ മാത്രമേ നടത്താന്‍ പാടുള്ളൂ. കണ്ടെയിന്‍മെന്റ് സോണുകളില്‍ വീടുകള്‍ക്ക് പുറത്ത് ഒരു ചടങ്ങും സംഘടിപ്പിക്കരുത്. 65 വയസിന് മുകളിലുള്ളവര്‍, മറ്റ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയേണ്ടതാണ്.

വിദ്യാരംഭവുമായി ബന്ധപ്പെട്ട് ഒഴിവാക്കാനാവാത്ത ചടങ്ങുകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വ്യക്തികള്‍ എല്ലാവരും 6 അടി ശാരീരിക അകലം പാലിക്കണം. എല്ലാവരും നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണം. ഏതെങ്കിലും പ്രതലത്തിലോ ഉപകരണങ്ങളിലോ തൊട്ടാല്‍ ഉടനെ സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടതാണ്. സ്പര്‍ശിക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് തുടര്‍ച്ചയായി അണുവിമുക്തമാക്കണം.

വിദ്യാരംഭ സമയത്ത് നാവില്‍ സ്വര്‍ണം കൊണ്ടെഴുതുന്നെങ്കില്‍ അത് അണുവിമുക്തമാക്കിയിരിക്കണം. ആ സ്വര്‍ണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. കൊറോണ വൈറസ് പെട്ടെന്ന് ബാധിക്കുന്നത് വായിലൂടെയും മൂക്കിലൂടെയുമാണെന്ന് ഓര്‍ക്കുക. അതിനാല്‍ ഓരോ കുട്ടിയേയും എഴുത്തിനിരുത്തുന്നതിന് മുമ്പും ശേഷവും എഴുത്തിനിരുത്തുന്നയാള്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കഴുകേണ്ടതാണ്. ചെറുതാണെങ്കിലും രോഗലക്ഷണമുള്ള ഒരാളും കുട്ടികളെ എഴുത്തിനിരുത്തരുത്. മധുരപലഹാരം, ഭക്ഷണം എന്നിവ കഴിക്കുമ്പോള്‍ ഒത്തുകൂടാതെ നിശ്ചിത അകലം പാലിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും പേരും ഫോണ്‍ നമ്പരും എഴുതി സൂക്ഷിക്കേണ്ടതാണ്.

പനി, തൊണ്ടവേദന, ജലദോഷം, മൂക്കൊലിപ്പ്, ചുമ, മണമില്ലായ്മ, രുചിയില്ലായ്മ, ക്ഷീണം എന്നീ രോഗ ലക്ഷങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും ചടങ്ങളുകളില്‍ പങ്കെടുക്കരുത്. അത്തരം രോഗലക്ഷണങ്ങളുള്ള കുട്ടികളുണ്ടെങ്കില്‍ അവരെ വീട്ടില്‍ മാത്രം എഴുത്തിനിരുത്തുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കോ മറ്റ് സംശയങ്ങള്‍ക്കോ ദിശ 1056 ല്‍ വിളിക്കാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com