യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ ; ജോസ് കെ മാണി, വെൽഫയർ പാർട്ടി സഹകരണം തുടങ്ങിയവ ചർച്ചയാകും

പഞ്ചായത്ത് തെരഞ്ഞെുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച് ജില്ലാ തല ചര്‍ച്ചകള്‍ക്കും യുഡിഎഫ് യോഗം രൂപം നല്‍കും
യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ ; ജോസ് കെ മാണി, വെൽഫയർ പാർട്ടി സഹകരണം തുടങ്ങിയവ ചർച്ചയാകും

കൊച്ചി: യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 10 മണിക്ക് എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം. നേതാക്കള്‍ നേരിട്ടും ഓണ്‍ലൈനിലുമായി യോ​ഗത്തിൽ പങ്കെടുക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണ നീക്കം കോൺ​ഗ്രസിൽ വിവാദമായ പശ്ചാത്തലത്തിലാണ് യോ​ഗം. ജോസ് കെ മാണി യുഡിഎഫ് വിട്ട് ഇടത് ക്യാമ്പിലെത്തിയ സാഹചര്യത്തില്‍ മധ്യ കേരളത്തില്‍ സ്വീകരിക്കേണ്ട പുതിയ നിലപാടും യുഡിഎഫില്‍ ചര്‍ച്ചയാകും. 

പഞ്ചായത്ത് തെരഞ്ഞെുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച് ജില്ലാ തല ചര്‍ച്ചകള്‍ക്കും യുഡിഎഫ് യോഗം രൂപം നല്‍കും. ഇടതു മുന്നണിയില്‍ നിന്നും പാലാ സീറ്റിന്‍റെ പേരില്‍ എന്‍സിപി പിണങ്ങി വന്നാല്‍ ഒപ്പം ചേര്‍ക്കണമെന്ന ധാരണ കോണ്‍ഗ്രസിലുണ്ട്. ഈ വിഷയവും ഇന്ന് ചര്‍ച്ചയായേക്കും. ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തിൽ യുഡിഎഫ് കൂടുതൽ കരുതലോടെ നീങ്ങണമെന്ന് നേതാക്കൾക്കിടയിൽ ധാരണയിലെത്തിയിട്ടുണ്ട്. 

വെല്‍ഫെയറുമായി പ്രാദേശികമായി പോലും സഹകരിക്കുന്നതിനെതിരെ സമസ്ത പരസ്യമായി രംഗത്തു വന്നതോടെ ലീഗ് നേതൃത്വം സമ്മര്‍ദ്ദത്തിലാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പരസ്യ സഹകരണ നീക്കം തെക്കന്‍ കേരളത്തിൽ അടക്കം ഹിന്ദു വോട്ടുകള്‍ നഷ്ടമാക്കുമെന്ന ആശങ്കയും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ജില്ലാ തലത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. യുഡിഎഫ് യോഗത്തിനു ശേഷം പുതുതായി നിയമിച്ച യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരുടേയും കണ്‍വീനര്‍മാരുടേയും യോഗവും ചേരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com