അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് കണ്ടപ്പോള്‍ സിപിഎമ്മിന് ഹാലിളകി; സിബിഐയെ വിലക്കാനുള്ള ശ്രമം പിണറായിയെ രക്ഷിക്കാനെന്ന് ചെന്നിത്തല

വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി മുഴുവന്‍ മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി ഉണ്ടായിട്ടുള്ളതാണ്.
അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് കണ്ടപ്പോള്‍ സിപിഎമ്മിന് ഹാലിളകി; സിബിഐയെ വിലക്കാനുള്ള ശ്രമം പിണറായിയെ രക്ഷിക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിബിഐയെ വിലക്കണമെന്ന സംസ്ഥാന സര്‍ക്കാരിനോടുള്ള സിപിഎം ആവശ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയിലേക്ക് സിബിഐ എത്തുന്നു എന്ന് കണ്ടപ്പോള്‍, അദ്ദേഹത്തെ രക്ഷിക്കാനാണ് സിബിഐയെ വിലക്കാനുള്ള തീരുമാനമെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി മുഴുവന്‍ മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി ഉണ്ടായിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഇത് ഒപ്പു വെച്ചത്. ആ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് കണ്ടപ്പോഴാണ് ഇപ്പോള്‍ ഇടതു മുന്നണി നേതാക്കന്മാരുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇത് അഴിമതി മൂടിവെക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സിബിഐയെ വിലക്കിയിട്ടുണ്ടല്ലോ എന്നുള്ളതാണ് ചോദ്യം. രാഷ്ട്രീയ പകപോക്കലോടു കൂടി നടന്നിട്ടുള്ള കേസുകളെ സംബന്ധിച്ചാണ് അത്. കേരളത്തിലേത് അഴിമതിയുമായി ബന്ധപ്പെട്ട കേസാണ്. മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളെല്ലാം സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കത്തെഴുതിയതിന്റെ വെളിച്ചത്തിലാണ് ഇ ഡി, കസ്റ്റംസ്, സിബിഐ എന്നിവര്‍ വിവിധ തലങ്ങളില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ആ കേസ് മുഖ്യമന്ത്രിയിലേക്ക് വരുന്നു, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന് വരുമ്പോഴാണ് സിപിഎമ്മിന് ഹാലിളകിയിരിക്കുന്നത്. സിപിഎമ്മിന്റെ ആജ്ഞകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഐ അതിനെ പിന്തുണയ്ക്കുന്നെന്നും 
സിബിഐ അന്വേഷണത്തെ വഴിമുടക്കാനായി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഫയലുകള്‍ രാത്രിയില്‍ എടുത്തുകൊണ്ടുപോയി. സിബിഐയുടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത തരത്തില്‍ നിരന്തരമായ തടസ്സം സൃഷ്ടിക്കലാണ് സര്‍ക്കാര്‍ ചെയ്തത്. അപ്പോള്‍ എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുന്ന ഈ സര്‍ക്കാരിന്റെ നടപടിയുടെ ഒരു ഭാഗമായി വേണം ഇന്നലെ സിപിഎം എടുത്തിട്ടുള്ള തീരുമാനം. സംസ്ഥാന സര്‍ക്കാരിന് വിവേകമുണ്ടാവട്ടെ എന്നാണ് തനിക്ക് പറയാനുള്ളതെന്നും ഈ നടപടിയില്‍നിന്ന് പിന്തിരിയണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com