സിബിഐ മുരളീധരന്റെ കുടുംബസ്വത്തല്ല ; പിന്നില്‍ തെരഞ്ഞെടുപ്പ് വരെ പുകമറ സൃഷ്ടിക്കാനുള്ള ദുഷ്ടലാക്ക്; മറുപടിയുമായി കാനം

ലോ ആന്റ് ഓര്‍ഡറും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനുമെല്ലാം സംസ്ഥാന പൊലീസിന് ചെയ്യാവുന്നതേയുള്ളൂ
സിബിഐ മുരളീധരന്റെ കുടുംബസ്വത്തല്ല ; പിന്നില്‍ തെരഞ്ഞെടുപ്പ് വരെ പുകമറ സൃഷ്ടിക്കാനുള്ള ദുഷ്ടലാക്ക്; മറുപടിയുമായി കാനം

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ സിബിഐ നേരിട്ട് കേസെടുക്കുന്നത് വിലക്കണമെന്ന സിപിഎം നിലപാടിനെ പിന്തുണച്ച് സിപിഐയും. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയകാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ഏപ്രിലില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് വരെ പുകമറ ഇങ്ങനെ പടര്‍ത്തിക്കൊണ്ടു പോകണമെന്ന ഒരു ദുഷ്ടലാക്ക് ഇതിന്റെ പിന്നിലുണ്ടെന്നും കാനം പറഞ്ഞു. 

കേസുകള്‍ സിബിഐ അന്വേഷിക്കരുത് എന്നല്ല പറയുന്നത്. അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ അറിവോടു കൂടെ വേണം. ഇത് ജനാധിപത്യ വിരുദ്ധമായ കാര്യമല്ല. ലോ ആന്റ് ഓര്‍ഡറും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനുമെല്ലാം സംസ്ഥാന പൊലീസിന് ചെയ്യാവുന്നതേയുള്ളൂ. അതുകൊണ്ടാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നുവന്നത്. 

ലൈഫിനെതിരായ അന്വേഷണം വേറൊരു തലത്തിലാണ്. വിദേശനാണയച്ചട്ടം ലംഘിച്ചു എന്നതിന്റെ പേരിലാണ്. അത് ലംഘിക്കപ്പെട്ടിട്ടുണ്ടോ, അന്വേഷിക്കാന്‍ അധികാരമുണ്ടോ എന്നതെല്ലാം ഹൈക്കോടതിയുടെ മുന്നിലാണ്. അതില്‍ തീരുമാനം വന്നിട്ടില്ല. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിനെതിരായ അന്വേഷണമായി കൂട്ടേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

സിബിഐയെ വിലക്കണമെന്ന് മുന്നണി തീരുമാനമെടുത്തിട്ടില്ല. സര്‍ക്കാരാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. ഇതിന്റെ നിയമവശം പരിശോധിക്കണമെന്ന് സര്‍ക്കാരിനോട് സിപിഐ ആവശ്യപ്പെടുകയാണെന്നും കാനം പറഞ്ഞു. സിബിഐയെ എതിര്‍ക്കുനന്ത് അഴിമതി അന്വേഷിക്കുമെന്ന ഭയം കൊണ്ടാണെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദവും കാനം തള്ളി. ഒരു ഭയവുമില്ല. അഴിമതി അന്വേഷിക്കപ്പെടുകയാണെങ്കില്‍ യെഡിയൂരപ്പയ്‌ക്കെതിരായിട്ടുള്ള അഴിമതിയും അന്വേഷിക്കണമല്ലോ എന്നും കാനം ചോദിച്ചു. 

ഖനിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും നടക്കണം. അഴിമതി അന്വേഷണങ്ങളൊക്കെ സിബിഐയും മറ്റ് ഏജന്‍സികളും നിരവധി നടത്തിയിട്ടുണ്ട്. പലതും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതുപോലെ ദേശീയ ഏജന്‍സികളെ ഉപയോഗിക്കുന്ന മറ്റൊരു കാലം ഉണ്ടായിട്ടില്ല. സിബിഐ മുരളീധരന്റെ കുടുംബസ്വത്തല്ല. രാജ്യത്തിന്റെ ഒരു അന്വേഷണ ഏജന്‍സിയാണ്.

പല രാഷ്ട്രീയ കക്ഷികളും പല സര്‍ക്കാരുകളും സിബിഐ അന്വേഷണം ആവശ്യപ്പെടും. ഞങ്ങള്‍ പറയുന്നത് ഞങ്ങള്‍ ആവശ്യപ്പെട്ടാല്‍ എടുക്കില്ല, നിങ്ങള്‍ക്ക് തോന്നിയത് എടുക്കുന്നത് എടുക്കുകയും ചെയ്യുന്നതില്‍ വിവേചനമുണ്ട്. അതിനാല്‍ സംസ്ഥാനത്തിന്റെ അനുവാദത്തോടു കൂടിയേ സിബിഐ അന്വേഷണം ഏറ്റെടുക്കാവൂ എന്നാണ് പറയുന്നതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com