അര്‍ബുദ രോഗികളിലും ഡയാലിസിസ് ചെയ്യുന്നവരിലും കോവിഡ് മരണനിരക്ക് കൂടുതല്‍; നിയന്ത്രണം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

ഡയാലിസിസ് സെന്ററുകളിലും അര്‍ബുദ ചികിത്സ കേന്ദ്രങ്ങളിലും അണുബാധ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം
അര്‍ബുദ രോഗികളിലും ഡയാലിസിസ് ചെയ്യുന്നവരിലും കോവിഡ് മരണനിരക്ക് കൂടുതല്‍; നിയന്ത്രണം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: ഡയാലിസിസ് സെന്ററുകളിലും അര്‍ബുദ ചികിത്സ കേന്ദ്രങ്ങളിലും അണുബാധ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഡയാലിസിസ് ചെയ്യുന്നവരിലും അര്‍ബുദ രോഗികളിലും കോവിഡ് മൂലമുളള മരണനിരക്ക് കൂടുതലാണെന്ന നിഗമനത്തെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കോവിഡ് മൂലം മരിച്ചവരില്‍ കൂടുതല്‍പേര്‍ക്കും പ്രമേഹവും രക്തസമ്മര്‍ദ്ദവും ബാധിച്ചിരുന്നുവെന്ന് ഓഗസ്റ്റിലെ കോവിഡ് മരണങ്ങള്‍ അവലോകനം ചെയ്യുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരിലാണ് മരണനിരക്ക് കൂടുതല്‍. ഓഗസ്റ്റിലെ 223 മരണങ്ങളില്‍ 154 പേര്‍ പുരുഷന്മാരും  66 പേര്‍ സ്ത്രീകളുമാണ്. 

ഓഗസ്റ്റ് മാസത്തില്‍ ആകെയുണ്ടായ 252 മരണങ്ങളില്‍ 223ഉം കോവിഡ് മൂലമായിരുന്നു. ഇതില്‍ ഭൂരിഭാഗവും കോവിഡിനൊപ്പം മറ്റ് അസുഖങ്ങളും കൂടി ഉണ്ടായിരുന്നവരാണ്. 120പേര്‍ കടുത്ത പ്രമേഹബാധിതരായിരുന്നു. ഇതിനൊപ്പം കടുത്ത രക്തസമ്മര്‍ദ്ദവും, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും,വൃക്കരോഗവും ഉളളവരും മരണത്തിന് കീഴടങ്ങി. ഓഗസ്റ്റില്‍ മരിച്ചവരില്‍ 15പേര്‍ അര്‍ബുദ രോഗികളായിരുന്നു. ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നാകാം ഇവര്‍ക്ക് അണുബാധ ഉണ്ടായതെന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com