'ഞാൻ ഇവിടെയുണ്ട്, നവംബർ പത്താം തിയതി ഇഡിക്ക് മുൻപിൽ ഹാജരാകും, അതു കഴിഞ്ഞാലും എല്ലാവരും ഇവിടെ കാണണം'; കെഎം ഷാജി
By സമകാലികമലയാളം ഡെസ്‌ക് | Published: 26th October 2020 08:57 AM |
Last Updated: 26th October 2020 08:57 AM | A+A A- |
ഹയർസെക്കൻഡറി സ്കൂൾ കോഴക്കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് നവംബർ പത്താം തിയതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ കെഎം ഷാജി. ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടത് തന്റെ ബാധ്യതയാണെന്നും താനത് കൃത്യമായി ചെയ്യുമെന്നും ഷാജി കുറിക്കുന്നു. അതുവരെ പൊതു മധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുതെന്ന് നിയമ വിദഗ്ദരുടെ ഉപദേശമുണ്ട്. പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണമെന്നും എല്ലാം വിശദമായി ചർച്ച ചെയ്യാമെന്നും ഷാജി കുറിച്ചു. കോഴ ആരോപണത്തെ തുടര്‍ന്ന് കെ.എം. ഷാജിയുടെ ആസ്തി പരിശോധിക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷാജിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം രംഗത്തെത്തിയതോടെയാണ് പ്രതികരണം.
കെഎം ഷാജിയുടെ പോസ്റ്റ്
ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും!!
നവംബർ പത്താം തിയ്യതി ഹാജരാവാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസി ആയ ED എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാൻ ചെയ്യുകയും ചെയ്യും.
അത് വരെ പൊതു മധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാൽ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം!!
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം!!
അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐ സി യു വിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാം!!
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിർബന്ധവുമുണ്ട്!!